എൺപത്തിയെട്ടാം ദേശീയദിനാഘോഷ നിറവിൽ സൗദി അറേബ്യ

എൺപത്തിയെട്ടാം ദേശീയദിനാഘോഷ നിറവിൽ സൌദി അറേബ്യ.  സൗദി ഭരണാധികാരികള്‍ക്കും ജനതക്കും വിവിധ രാഷ്ട്രനേതാക്കൾ ആശംസകൾ നേർന്നു. അതേസമയം, ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് പത്തു വികസനപദ്ധതികൾ സൌദി അറേബ്യ പ്രഖ്യാപിച്ചു. 

പരസ്പരം പോരടിച്ചുനിന്ന ചെറുരാജ്യങ്ങളെ ഒന്നിപ്പിച്ച് സൌദി അറേബ്യയെന്ന വലിയ രാജ്യം രൂപീകരിച്ചതിന്റെ ഓർമയ്ക്കായാണ് ദേശീയ ദിനാഘോഷം. ആയിരത്തിതൊള്ളായിരത്തിമുപ്പത്തിരണ്ടു സെപ്‍തംബര്‍ 23ന് കിംങ് അബ്ദുല്‍ അസീസ്ആലു സൌദിന്‍റെ നേതൃത്വത്തിലാണ് സൗദി അറേബ്യ ഔദ്യോഗികമായി നിലവില്‍ വന്നത്. ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് സൌദി അറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വൻആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.

യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ സൗദി ഭരണാധികാരികള്‍ക്കും സൗദി ജനതക്കും ആശംസകള്‍ നേര്‍ന്നു. ഒരേ ഹൃദയം തുടിക്കുന്ന രണ്ട് ശരീരം പോലെയാണ് സൗദിയും യു.എ.ഇയും എന്ന് പ്രഖ്യാപിച്ചാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ട്വിറ്റില്‍ സൗദിക്ക് ദേശീയദിനാശംസകള്‍ കൈമാറിയത്. 

അതിനിടെ, സാമ്പത്തികമേഖലയ്ക്ക് ഊർജം പകർന്ന് നൂറ്റിഎൺപത്തിമൂന്ന് ബില്യൺ ഡോളറിന്റെ പത്ത് പദ്ധതികൾ സൌദി പ്രഖ്യാപിച്ചു. വിവിധമേഖലകളിൽ സ്വകാര്യനിക്ഷേപത്തിനും അനുമതി നൽകുന്ന പ്രഖ്യാപനം ഗൾഫിലെ സാമ്പത്തികരംഗത്തിന് ഉണർവേകുമെന്നാണ് പ്രതീക്ഷ.