പത്തുമാസം പണിയെടുത്തു; ശമ്പളമില്ല, പട്ടിണിയാണ്; ഷാര്‍ജയില്‍ പൊട്ടിക്കരഞ്ഞ് മലയാളി

യുഎഇയിലെത്തി പത്തു മാസം പൊരിവെയിലത്ത് അധ്വാനിച്ചിട്ടും വേതനമോ താമസ സൗകര്യമോ നൽകാതെ ഉടമ പീഡിപ്പിക്കുന്നതായും ഭക്ഷണം പോലുമില്ലാതെയാണ് തങ്ങളിപ്പോൾ കഴിയുന്നതെന്നും വിശദീകരിച്ചുള്ള മലയാളി യുവാവിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ. കൊല്ലം സ്വദേശിയുടെ കമ്പനിയിൽ ഷാർജയിൽ ജോലി ചെയ്ത ആലപ്പുഴ പുന്നപ്ര സ്വദേശി മിഥുൻ മാത്യുവാ(33)ണു ദുരിത കഥ വിവരിച്ച് തന്റെ ഫെയ്സ് ബുക്ക് പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം ദുരിതത്തിലായവരിൽ മറ്റു മൂന്ന് മലയാളികളുമുണ്ട്–ആലപ്പുഴ അമ്പലപ്പുഴ കാക്കായം സ്വദേശി മനു മണിയൻ(31), ആലപ്പുഴ സ്വദേശികളായ രഞ്ജു, അനീഷ് എന്നിവരാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നാലു പേരും ഒന്നര ലക്ഷം രൂപ വീതം വീസ ഏജന്റിന് നൽകി യുഎഇയിലെത്തിയത്. ‍നാട്ടിൽ ഡ്രൈവർമാരായിരുന്ന ഇവർക്ക് ഇതേ ജോലി ഇവിടെയും വാഗ്ദാനം ചെയ്തിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നു മണിക്കൂറിലേറെ കാത്തിരുന്നതിനു ശേഷമാണ് ദുബായിലെ വീസ ഏജന്റ് കൂട്ടിക്കൊണ്ടുപോകാനെത്തിയതെന്ന് മിഥുൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇവിടെ എത്തിയ ഉടൻ ഡ്രൈവിങ് വീസ എടുക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മികച്ച ശമ്പളത്തിന് ജോലി നൽകുമെന്നുമായിരുന്നു പറഞ്ഞിരുന്നതെങ്കിലും, തൊഴിലാളികളെ മറ്റു കമ്പനികളിലേയ്ക്ക് ജോലിക്കായി നൽകുന്ന ലേബർ സപ്ലൈ കമ്പനിയിലായിരുന്നു നാലുപേരും എത്തപ്പെട്ടത്.

പൊരിവെയിലത്ത് റോഡ് നിർമാണത്തിലും കെട്ടിട നിർമാണത്തിനും പറഞ്ഞയച്ചു. പൊള്ളുന്ന ചൂടു സഹിച്ച് ഏറെ അധ്വാനിച്ചു. പക്ഷേ, ശമ്പളം നൽകാൻ കൂട്ടാക്കിയില്ല. വളരെയേറെ പ്രാവശ്യം ചോദിക്കുമ്പോൾ നൂറോ ഇരുനൂറോ നൽകും. നാട്ടിൽ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമുള്ള തനിക്ക് നാട്ടിലേയ്ക്ക് കൃത്യമായി പണമയക്കാൻ സാധിച്ചില്ലെന്ന് മിഥുൻ പറഞ്ഞു. 

രണ്ടു മാസം മുൻപ് ജോലിയിൽ നിന്നു പറഞ്ഞുവിട്ടു. മിഥുനും മനുവും ഷാർജ വ്യവസായ മേഖലയിലെ തമിഴ്നാട് സ്വദേശികളുടെ മുറിയിൽ കഴിഞ്ഞുകൂടുകയാണ്. അവർ കഴിച്ച് ബാക്കിയായ ഭക്ഷണമാണു കഴിക്കുന്നത്. രഞ്ജുവും അനീഷും അബുദാബിയിൽ ഇതേ ദുരവസ്ഥയിൽ കഴിയുന്നു.

വിഷം കഴിച്ചു; ഭാഗ്യത്തിന് രക്ഷപ്പെട്ടു

ജോലിയോ കൂലിയോ ഭക്ഷണമോ ഇല്ലാത്തതിൽ നിരാശനായ മനു രണ്ട് മാസം മുൻപ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പാറ്റയെ തുരത്താൻ ഉപയോഗിക്കുന്ന കീടനാശിനിയാണു കഴിച്ചത്. ഗുരുതര നിലയിലായ ഇയാളെ കൂടെ താമസിക്കുന്ന തമിഴ്നാട് സ്വദേശികൾ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു. രണ്ടു മാസം തടവിന് ശിക്ഷിച്ചെങ്കിലും കോടതി മുൻപാകെ അവസ്ഥ വിവരിച്ചപ്പോൾ രണ്ടു ദിവസത്തിന് ശേഷം വെറുതെവിട്ടു. 

പാസ്പോർട്ട് കമ്പനിയുടമയുടെ കൈയിൽ; പൊതുമാപ്പും രക്ഷയാകുന്നില്ല

തങ്ങൾ പലപ്പോഴും പട്ടിണിയിലാണെന്നു മിഥുൻ വിഡിയോയിൽ പറയുന്നു. ഇങ്ങനെ പോയാൽ ഇവിടെ കിടന്നു മരിച്ചു പോകും. ഇൗ ദുരിതക്കയത്തിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ സഹായം നൽകണമെന്നാണ് അഭ്യർഥിക്കുന്നത്. ഇങ്ങോട്ടുപോരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞു പിറന്നത്. കുട്ടിയുടെ മുഖം ഒരുനോക്കു കാണാൻ ഏറെ ആഗ്രഹമുണ്ട്. കമ്പനിയുടമ കൊല്ലം സ്വദേശി ഇപ്പോൾ നാട്ടിലാണ്. ഇയാളുടെ കൈവശമാണ് പാസ്പോർട്.  അല്ലായിരുന്നെങ്കില്‍ പൊതുമാപ്പ് ഉപയോഗിച്ചെങ്കിലും ഇവിടെ നിന്നു രക്ഷപ്പെടാമായിരുന്നു. ഇദ്ദേഹത്തിൻ്റെ ഡ്രൈവർ ഇടയ്ക്ക് ഫോൺ വിളിച്ച് ഭീഷിപ്പെടുത്തുന്നതായും ഇവർ പരാതിപ്പെടുന്നു. തങ്ങളെ രക്ഷിക്കാൻ മനസിൽ നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവർത്തകരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.