ഭർത്താവിനെ കുത്തി; കാർ നശിപ്പിച്ചു: യുഎഇയിൽ യുവതി കുടുങ്ങിയത് ഇങ്ങനെ

യുഎഇയിൽ ഭർത്താവിന്റെ കണ്ണിൽ സോപ്പു ലായനി ഒഴിക്കുകയും കണ്ണിൽ കത്തികൊണ്ട് കുത്തുകയും കാർ നശിപ്പിക്കുകയും ചെയ്ത യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. അറബ് യുവാവ് നൽകിയ പരാതിയിൽ 2000 ദിർഹം യുവതി പിഴയായി അടയ്ക്കണം. കുടുംബപ്രശ്നത്തിന്റെ പേരിലാണ് യുവതി ഭർത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണിൽ സോപ്പു ലായനി ഒഴിക്കുകയും ഇയാളുടെ കാറിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തത്. ഭാര്യയുടെ ആക്രമണത്തെ തുടർന്ന് ഭർത്താവ് മൂന്ന് ആഴ്ച ജോലിയിൽ നിന്ന് അവധി എടുക്കേണ്ട അവസ്ഥയും ഉണ്ടായി.

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഫുജൈറയിലെ അസാഫി ഭാഗത്തുള്ള വീട്ടിൽ നിന്നും പുറത്തുപോയിരുന്നു. പിന്നീട് ഒരു ദിവസം ഭർത്താവ് അറിയാതെ വീട്ടിൽ വരികയും ഇയാളെ ആക്രമിക്കുകയുമായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ കത്തി കൊണ്ട് യുവതി ഭർത്താവിനെ കുത്തുകയായിരുന്നു. അതിനു മുൻപ് ഇയാളുടെ കണ്ണിൽ സോപ്പ് ലായനി ഒഴിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടേഴ്സ് വ്യക്തമാക്കി. വീടിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന ഭർത്താവിന്റെ കാറിനും യുവതി കേടുപാടുകൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

മെഡിക്കൽ റിപ്പോർട്ടിൽ ഭർത്താവിന് കുത്തുകൊണ്ട പാടുണ്ടെന്ന് വ്യക്തമായി. തന്റെ കണ്ണിൽ സോപ്പു ലായനി ഒഴിക്കുകയും കത്തികൊണ്ടു കുത്തുകയും അപമാനിക്കുകയും ചെയ്ത ഭാര്യയ്ക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്.