രൂപയുടെ മൂല്യത്തകർച്ച; പണമയക്കാനുള്ള തിരക്കിൽ പ്രവാസിമലയാളികൾ

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫിലെ ധനവിനിമയ സ്ഥാപനങ്ങളിൽ തിരക്കേറി. പണം കടമെടുത്തും നാട്ടിലേക്ക് അയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസിമലയാളികൾ. ചരിത്രത്തിലാദ്യമായാണ് ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് റെക്കോർഡിലെത്തിയത്. 

തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും ഡോളർ ശക്തിപ്രാപിച്ചതുമാണ് ലോകസാമ്പത്തിക മേഖലയിൽ ചാഞ്ചാട്ടം ഉണ്ടാക്കിയത്.  ദുർബലമായിരുന്ന  ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ മോശം അവസ്ഥയിലാക്കി. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ വിദേശകറൻസികൾക്ക് ഏറ്റവും ഉയർന്ന നിരക്കാണ് ലഭിക്കുന്നത്. 

ഒരു ദിര്‍ഹത്തിന് ഇന്ന് ലഭിച്ച ഏറ്റവും കൂടിയ മൂല്യം പത്തൊൻപതു രൂപ പൂജ്യം ആറു പൈസയാണ്. ഒമാനി റിയാൽ സർവകാല റെക്കോർഡ് ആയ181.50 ബൈസ യിൽ എത്തി. കുവൈത്ത് ദിനാറിന് ഇന്നു ലഭിച്ചത് ഇരുന്നൂറ്റിമുപ്പതു രൂപ 81 പൈസയാണ്.ഇന്നലെ ഇത് ഇരുന്നൂറ്റിമുപ്പത്  രൂപയായിരുന്നു. ബഹറിൻ ദിനാറുമായുള്ള വിനിമയ നിരക്ക് നൂറ്റി എൺപത്തിയഞ്ചു രൂപയിലെത്തി. 

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ  ഗൾഫ് നാടുകളിലെ പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണം അയച്ചുതുടങ്ങി. ബലിപെരുന്നാളും ഓണവും അടുത്തതോടെ പണം കൂടുതൽ അയക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. 

ഈ ആഴ്ച ഇതേ നിരക്കു തുടരുമെന്നാണ് സൂചന.