പ്രചോദനമേകും സിജുവിന്റെ ജീവിതം; യുഎഇയിൽ ഒരു ദൃഢനിശ്ചയത്തിന്റെ കഥ

ഷാർജ:  ആത്മവിശ്വാസത്തിന്റെ ഉൗന്നുവടി ഉപയോഗിച്ചായിരുന്നു  തൃശൂർ ടൗൺ സ്വദേശിയായ  ഡോ.സിജു രവീന്ദ്രനാഥ് കടൽക്കടന്ന് യുഎഇയിലെത്തിയത്. കഴിഞ്ഞുപോയ കാലം സമ്മാനിച്ച മുറിവുകൾ ശരീരത്തിനെ മാത്രമേ പോറലേൽപിച്ചിട്ടുള്ളൂ, തന്റെ മനസ്സ് ഇന്നും ആടിയുലയാതെ നിൽക്കുന്നു എന്ന് ഇൗ യുവ ഡോക്ടർ തെളിയിച്ചു. 

ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യപൂർത്തീകരണത്തിനാണ് ഒരിക്കൽ മരണത്തിന്റെ വക്കുവരെ എത്തിയ യുവ ഡോക്ടർ  തന്റെ എല്ലാ അഭിലാഷങ്ങളും ഗവേഷണത്വരയും മാറ്റിവച്ച്  ഇവിടെയെത്തിയിരിക്കുന്നത്. 

1998 ഏപ്രിൽ 24നുണ്ടായ ബൈക്കപകടമായിരുന്നു ഡോ.സിജുവിന്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെടുകയും മറ്റേ കാലിനും ചില ആന്തരികാവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം ബിരുദവും ബിരാദാനന്തരബിരുദവും നേടി, ആറ് വർഷത്തോളം രണ്ട് മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ച ഡോക്ടർ ഒരു മാറ്റം കൊതിച്ച് ഒറ്റയ്ക്ക് വിമാനം കയറുകയായിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി ഷാർജ റോളയിലെ സ്വകാര്യ ക്ലിനിക്കിൽ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. 

തൃശൂർ ഗവ.മെഡിക്കൽ കോളജില്‍ രണ്ട് വർഷത്തെ പഠനം പിന്നിട്ട് നിൽക്കുമ്പോഴായിരുന്നു ബൈക്കപകടം. സഹപാഠിയും സുഹൃത്തുമായ നവീൻ  ദേവരാജനോടൊപ്പം ബൈക്കിൽ രാവിലെ കോളജിലേയ്ക്ക് പോകുമ്പോൾ വിയൂർ സെൻട്രൽ ജയിലിനടുത്ത് എതിരെ നിന്ന് മറ്റൊരു വാഹനത്തെ കടന്നു വന്ന മണൽ കയറ്റിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരേയും ലോറി 15 മീറ്റർ അകലേയ്ക്ക് വലിച്ചുകൊണ്ടുപോയി. രക്തംവാർന്ന് നവീൻ തത്ക്ഷണം മരിച്ചു. സിജുവിന് ഗുരുതര പരുക്കേറ്റു. 

ബൈക്കിന് നേരെ ലോറി പാഞ്ഞുവരുന്നതേ ഒാർമയുണ്ടായിരുന്നുള്ളൂ. പിന്നെ, അപകടത്തിന് ശേഷം എണീറ്റ് പാന്റ്സിന്റെ പിൻഭാഗത്തെ കീശയിൽ വച്ചിരുന്ന പഴ്സ് ഉണ്ടോ എന്ന് കൈ കൊണ്ട് തൊട്ടുനോക്കാൻ ശ്രമിച്ചു. പക്ഷേ, അവിടെ ഒന്നുമുണ്ടായിരുന്നില്ല. ഉടൻ ബോധക്ഷയമുണ്ടായി നിലംപതിച്ചു. വലതുകാലിന്റെ സ്ഥാനത്ത് തൊലി മാത്രം തൂങ്ങിക്കിടന്ന നിലയിൽ രക്തം വാർന്ന് മരണത്തിനും ജീവിതത്തിനുമിടയിൽ കിടന്ന മെഡിക്കൽ വിദ്യാർഥിയെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചു. ജീവിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്  ഡോക്ടർമാർ ആദ്യം പ്രകടിപ്പിച്ചതെങ്കിലും ഒന്നു ശ്രമിച്ചുനോക്കാൻ തന്നെയായിരുന്നു ഡോ.എൻ. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ തീരുമാനം. 

പതിനെട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ. ജീവൻ്റെ തുടിപ്പ് നൽകുന്ന പ്രതീക്ഷയല്ലാതെ വേറൊന്നും ഡോക്ടർമാർക്ക് മുന്നിലില്ലായിരുന്നു. നാല് ദിവസം വെൻ്റിലേറ്ററിൽ ഒന്നുമറിയാതെ കിടന്നു. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലും. പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് റൂമിലേയ്ക്ക് മാറ്റിയത്. ആദ്യം ചോദിച്ചത് തന്റെ കൂടെ അപകട സമയം ആരാണ് ഉണ്ടായിരുന്നതെന്നും അവർക്ക് എന്താണ് സംഭവിച്ചതെന്നും. തത്കാലം പ്രിയസുഹൃത്തിന്റെ മരണം മറച്ചുവച്ചു.  ഇനി സിജുവിന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാകുമോ എന്നതായിരുന്നു ഡോക്ടർമാരുടെ സംശയം. ഇത്തരമൊരു അവസ്ഥയിൽ രോഗി രക്ഷപ്പെടുക അപൂർവമാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് നവീനിന്റെ വേർപാട് അറിയിച്ചത്. അതൊരു ഷോക്കായിരുന്നെങ്കിലും എല്ലാവരുടേയും പിന്തുണകൊണ്ട് മറികടക്കാൻ സാധിച്ചു.

എന്നാണ് കോളജിലേയ്ക്ക് പോകാൻ സാധിക്കുക എന്നായിരുന്നു അച്ഛനോടും അമ്മയോടും ഡോക്ടർമാരോടുമുള്ള  സിജുവിന്റെ ആദ്യത്തെ ചോദ്യം. ഇതുകേട്ട് എല്ലാവരും ഞെട്ടി. ഇരിക്കലും ഇനി കോളജിൽ പോകാനാകില്ലെന്ന് തുറന്നുപറയാൻ എല്ലാവരും മടിച്ചു. കാരണം, ഇനിയൊരു സാധാരണ ജീവിതം സാധ്യമാകുമോ എന്നവർ ആശങ്കപ്പെട്ടു. എങ്കിലും ഡോ.ജയചന്ദ്രൻ ആശ്വസിപ്പിക്കാനാണെന്നോണം പറഞ്ഞു:

സിജു, കുറച്ചുനാൾ കഴിഞ്ഞാൽ എല്ലാം പൂർണമായും ഭേദമാകും. എങ്കിലും അടുത്ത ഒരു വർഷത്തേയ്ക്ക് കോളജ് പഠനമെന്ന ആഗ്രഹം മനസിൽ നിന്ന് ഉപേക്ഷിച്ചേക്കൂ.

ഇല്ല– ഇതായിരുന്നു സിജുവിന്റെ ഉറച്ച ശബ്ദം. ഇതു കേട്ട് ഞെട്ടിയത് ഡോക്ടറും. കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ല, തനിക്കെത്രയും പെട്ടെന്ന് കോളജിൽ ചെന്ന് പഠിക്കണമെന്നായിരുന്നു വാശി– ഒരു വർഷം പൂർണമായും നഷ്ടപ്പെടുത്താൻ എനിക്ക് താത്പര്യമില്ല.

പിന്നീട്, ഒട്ടേറെ ശസ്ത്രക്രിയകൾക്ക് തൃശൂരിലെയും കോഴിക്കോട്ടേയും ആശുപത്രികളിൽ  നടത്തി. തൃശൂരിലെ ആശുപത്രിയിൽ ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മാറ്റി. ഡോക്ടർമാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണയോടെ സിജു ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്. പിതാവ് തൃശൂർ കേരളാ അഗ്രികൾചറൽ യൂണിവേഴ്സിറ്റി മുൻ അസി.ഡയറക്ടർ ജി.രവീന്ദ്രനാഥൻ പിള്ള, ഇവിടെ തന്നെ പ്രഫസറായിരുന്ന ശാന്തകുമാരി, മൂത്ത സഹോദരന്മാരായ ജിജു രവീന്ദ്രൻ, ജോജോ രവീന്ദ്രൻ എന്നിവരെല്ലാം അരികിൽ നിന്ന് മാറാതെ ശുശ്രൂഷിച്ചു. ഫിസിയോ തെറാപ്പിയിലൂടെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ഞാനുടൻ കോളജിലേയ്ക്ക് പോകും–സിജു സ്വയമെന്നോണം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 

1998 ഒക്ടോബറിൽ  തന്റെ പാഠ പുസ്തകങ്ങളോടൊപ്പം പൂണെയിലെ ആർമീസ് ആർടിഫിഷ്യൽ ലിംബ് സെൻ്ററി(എഎൽസി)ലെത്തി. സിജുവിന്റെ വലതുഭാഗത്തെ ഇടുപ്പ് പകുതിയോളം നഷ്ടപ്പെട്ടതിനാൽ കൃത്രിമ കാൽ എങ്ങനെ ഘടിപ്പിക്കും എന്നതായിരുന്നു ഡോക്ടർമാരെ അലട്ടിയ പ്രശ്നം. പിന്നീട്, പ്രത്യേക കൃത്രിമ കാലുണ്ടാക്കിയാണ് ഉൗന്നുവടിയോടെ നടക്കാൻ സാധിച്ചത്. പ്രാർഥന ഫലിച്ചപോലെ, ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം 1999 ൽ കോളജിൽ വീണ്ടുമെത്തി. എന്നാൽ, സ്വീകരിക്കാൻ അധികൃതർക്ക് ആദ്യം മടിയായിരുന്നെങ്കിലും സിജുവിന്റെ നിശ്ചയദാർഢ്യത്തിന് മുൻപിൽ അവർ മുട്ടുമടക്കി. ഒൻപത് മാസത്തിന്  ശേഷം പഴയ ബാച്ചിൽ, പഴയ സുഹൃത്തുക്കളുടെ കൂടെ ചേർന്നു. 

വീണ്ടും സന്തോഷകരമായ വിദ്യാർഥി ജീവിതം. മൂന്ന് വർഷത്തിന് ശേഷം മികച്ച മാർക്കോടെയാണ് എംബിബിഎസ് പാസായത്. പിന്നീട്,  പീഡിയാട്രിക് വിഭാഗത്തിൽ തൃശൂർ മെഡിക്കൽ കോളജിൽ തന്നെ പിജിക്ക് ചേർന്നു. ഇതിനിടെ ഡോ.സിജു രവീന്ദ്രനാഥൻ്റെ ജീവിത കഥ അറിഞ്ഞ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ വ്യവസായി സാങ്കേതികത കൂടിയ കൃത്രിമ കാൽ സമ്മാനിച്ചു. ഏതാണ്ട് നാല് ലക്ഷം രൂപയോളം വിലമതിക്കുന്ന ഇൗ കൃത്രിമ കാൽ ചലനം കുറച്ചുകൂടി സുഗമമാക്കി. പ്രഫ.പുരുഷോത്തമന്റെ പൂർണ പിന്തുണയോടെ സിജു പിജിയും മികച്ച മാർക്കോടെ പൂർത്തിയാക്കി. അവിടെത്തന്നെ ഒരു വർഷം ജോലിയും ചെയ്തു. പിന്നീട്, തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ അഞ്ച് വർഷം അസി.പ്രഫസറായും സേവനമനുഷ്ഠിച്ചു. സെമിനാറുകളിലും ശിൽപശാലകളിലും പ്രബന്ധങ്ങളവതരിപ്പിച്ചു. ഗവേഷണ സംരംഭങ്ങളിലും പങ്കുചേർന്നു. അധ്യാപനത്തിലും ചികിത്സയിലും മികവ് കാട്ടി. 

അങ്ങനെ അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒരു മാറ്റത്തിന് വേണ്ടി മനസ്സ് വല്ലാതെ പ്രേരിപ്പിക്കാൻ തുടങ്ങി. വായനയിൽ അഭയം തേടിയിട്ടുള്ള ഡോ.സിജുവിന്റെ മനസിൽ വിദേശ യാത്ര എന്ന ആഗ്രഹത്തിന് വിത്തുപാകിയത് പുസ്തകങ്ങളാണ്. റോൺഡാ ബയേൺ രചിച്ച സീക്രട്ട്  പരമ്പരയിലെ വ്യക്തിത്വവികസന പുസ്തകങ്ങൾ ഏറെ പ്രചോദിപ്പിച്ചു. പൗലോ കൊയ് ലോയുടെ ആൽക്കെമിന്റെ പ്രപഞ്ച ശക്തികളുടെ പിന്തുണ എന്ന ആശയം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായെന്ന് സിജു ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, മകന്റെ ആഗ്രഹത്തെ അംഗീകരിക്കാൻ മാതാപിതാക്കൾ ആദ്യം തയ്യാറായില്ല. സിജുവിന് ഒരിക്കലും ഒറ്റയ്ക്ക് വിദേശരാജ്യത്ത് പോയി താമസിച്ച് ജോലി ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ, എന്നെത്തേയും പോലെ ഉറച്ച തീരുമാനമെടുത്ത സിജു ഒടുവിൽ യുഎഇയിലേയ്ക്ക് പറന്നു.

ഇതുവരെ എല്ലാ കാര്യത്തിനും സഹായവുമായി എല്ലാവരുമുണ്ടായിരുന്നു. ചികിത്സിച്ച പ്രിയപ്പെട്ട ഡോക്ടർമാർ, അധ്യാപകർ, സുഹൃത്തുക്കൾ, അച്ഛൻ, അമ്മ, സഹോദരന്മാർ.. എന്നാൽ, ദൈനംദിന കാര്യങ്ങൾക്ക് പര സഹായമില്ലാതെ ജീവിക്കാൻ കഴിയണമെന്ന അതിയായ മോഹം കൂടിയാണ് എന്നെ ഇവിടെയെത്തിച്ചത്. ഇന്ന് റോളയിലെ ഫ്ലാറ്റിൽ രാവിലെ അഞ്ചര മണിക്ക് എണീറ്റ് ഒറ്റയ്ക്ക് തന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്യുന്നു. യുഎഇയിൽ സൗഹൃദവും വർധിച്ചുവരുന്നു. ഒഴിവുവേളകളിൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നു. ശരിക്കും പ്രവാസ ജീവിതം ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു–ഡോ.സിജു പറയുന്നു. ശരീര വൈകല്യത്തെ മനസ് കീഴടക്കിയ ആത്മവിശ്വാസം നാല്‍പതുകാരന്റെ പുഞ്ചിരിയിൽ സ്ഫുരിച്ചു. അതോടൊപ്പം ഒരാഗ്രഹം കൂടി ഇൗ ചെറുപ്പക്കാരൻ പങ്കുവയ്ക്കുന്നു– അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കൃത്രിമ കാൽ ഇവിടെ നിന്ന് സ്വന്തമാക്കുക. അതിനുള്ള വഴിയറിയാവുന്നവർ ഇൗ യുവ ഡോക്ടറെ ബന്ധപ്പെടുക. ഫോൺ– +971 55 304 6475.