ഹയർ സെക്കൻഡറി പരീക്ഷയിൽ യുഎഇയിലെ സ്കൂളുകൾക്ക് മിന്നുന്ന ജയം

ദുബായ്: ഹയർ സെക്കൻഡറി പരീക്ഷയിൽ യുഎഇയിലെ സ്കൂളുകൾക്ക് മിന്നുന്ന ജയം. എട്ട് വിദ്യാലയങ്ങളിലായി 597 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത്. ഇതിൽ 573 കുട്ടികൾ തുടർ പഠനത്തിന് അർഹത നേടി. ഇതിൽ 32 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

ഇത്തവണയും അബുദാബി മോഡൽ സ്‌കൂളാണ് മുന്നിൽ.  ഇൗ സ്‌കൂളിൽ 130 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 78 പേർ സയൻസ് വിഭാഗത്തിലും 52 പേർ കൊമേഴ്‌സ് വിഭാഗത്തിലും. ഇതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 18 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതിൽ 15 പേർ സയൻസ് വിഭാഗത്തിലും മൂന്ന് പേർ കൊമേഴ്‌സ് വിഭാഗത്തിൽ നിന്നുമുള്ളവരാണ്. സയൻസ് വിഭാഗത്തിൽ ഹാജിറ ഇബ്രാഹിം 98.8 ശതമാനം മാർക്കോടെ യുഎഇയിൽ ഒന്നാമതായി. എം.പി. ഷിഫ്ന 98.5 ശതമാനം മാർക്കോടെ രണ്ടും ഹൈഫ റഫീഖ് 98.33 ശതമാനം മാർക്കോടെ മൂന്നും ഐശ്വര്യ സന്തോഷ് 98 ശതമാനം മാർക്കോടെ നാലും സ്ഥാനം നേടി. 

കൊമേഴ്‌സ് വിഭാഗത്തിൽ ഷാർജ മോഡൽ സ്‌കൂളിലെ ഹീന വഹീദ് ഷീജ 96.6 ശതമാനം മാർക്കോടെ യു‌എഇയിൽ ഒന്നാമതായി. അബുദാബി മോഡൽ സ്‌കൂളിലെ റനീം ഹംദാൻ, ആയിഷ ഹിബ എന്നിവർ 96.3 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കിട്ടു. 94.7 ശതമാനം മാർക്കോടെ മുഹമ്മദ് റിസ്വാൻ, 94.25 ശതമാനം മാർക്കോടെ ഫാത്തിമ വദൂദ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.  

ദുബായ് ന്യൂ ഇന്ത്യ മോഡൽ സ്‌കൂളിൽ 96 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 48 വിദ്യാർത്ഥികൾ സയൻസിലും 48 വിദ്യാർഥികൾ കൊമേഴ്‌സിലും പരീക്ഷയെഴുതി. സയൻസ് വിഭാഗത്തിൽ ആറ് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 

ദുബായ് ഗൾഫ് മോഡൽ സ്കൂളില്‍ സയൻസ് വിഭാഗത്തിൽ ഹിബാ ഷഫീഖലി(95.92%) ഒന്നാം സ്ഥാനത്തെത്തി. ഫാത്തിമ അൽ മെഹ്റ അൽത്താഫാണ് രണ്ടാമത്. [93.58%]. 90% മാർ‌ക്കോടെ റഷാ അനീഫ് മൂന്നാമതുമെത്തി. കൊമേഴ്സ് വിഭാഗത്തിൽ കൃഷ്ണ പ്രദീപ് പള്ളിയിൽ(86.58%], ഫാത്തിമ ഫിൽവ (86.75%] എന്നിവർ‌ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.