വാദി ഹിബി അപകടം: മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മസ്‌കത്ത്: ഇബ്രി - യങ്കള്‍ റോഡില്‍ സൊഹാറിന് സമീപം ബദുവയിലെ വാദി ഹിബിയില്‍ വെച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരെ തുടര്‍ ചികിത്സക്കായി ഖൗല ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം, മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സൊഹാര്‍ ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി സുഗനാഥന്‍  നായര്‍ (58), പന്തളം കുരമ്പാല സ്വദേശി രജീഷ് രാമചന്ദ്രന്‍  പിള്ള (32), കണ്ണൂര്‍ തളിക്കാവ് സ്വദേശി സജീന്ദ്രന്‍ നായര്‍ (52) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. സുഗനാഥന്‍ നായരും രജീഷ് രാമചന്ദ്രന്‍ പിള്ളയും  ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ കരാര്‍ ജീവനക്കാര്‍ ആയിരുന്നു. സജീന്ദ്രന്‍ നായര്‍  ഇബ്രിക്കടുത്ത് ഇദ്‌രീസില്‍ സ്വകാര്യ നിര്‍മാണ കമ്പനിയിലെ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

സൊഹാറിലെ അംബലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇബ്രിയില്‍ നിന്നും  സൊഹാറിലേക്കു പുറപ്പെട്ട 15 അംഗ സംഘമാണ്  അപകടത്തില്‍ പെട്ടത്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ബാലന്‍, തൃശൂര്‍ തളിക്കുളം സ്വദേശി ശാന്തകുമാര്‍, പാലക്കാട് വടക്കാഞ്ചേരി സ്വദേശി വിവേഗാനന്ദന്‍, പത്തനംതിട്ട ഇളംകൊല്ലൂര്‍ സ്വദേശി മുരളീധരന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്ന മലയാളികള്‍.