അവസാന പ്രതീക്ഷയുമറ്റപ്പോൾ അവർ തുണയായി; യുഎഇ ജയിലിൽ നിന്ന് ഹാജിക്കു മോചനം

സ്വപ്നത്തിൽ പോലും തനിക്ക് ഈ ഗതി വരുമെന്ന് ഹാജിയെന്ന പാക്കിസ്ഥാൻ സ്വദേശി വിചാരിച്ചിരുന്നില്ല. അറിഞ്ഞു കൊണ്ടല്ലെങ്കിലും നരഹത്യയാണ് കുറ്റം. യുഎഇയിലെ ജയിൽ അടയ്ക്കപ്പെട്ട ഹാജിക്ക് ഉറ്റവരെയും ഉടയവരെയും വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷ പോലുമില്ലായിരുന്നു. എന്നാൽ ഹാജി മോചിതനായിരിക്കുന്നു സുമനസ്സുകളുടെ കാരുണ്യം കൊണ്ട്. ദുബായിലെ എമിറാത് അൽ യോം എന്ന പത്രത്തിൽ വന്ന വാർത്തയാണ് പാക്ക് പൗരനായ ഹാജിയുടെ മോചനത്തിന് സഹായിച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നാല് പേർ ഇയാളെ ജയിൽ മോചിതനാക്കാനുള്ള പണം നൽകുകയായിരുന്നു.

ഹാജി ഹൃദയം നിറഞ്ഞ് ഈ നാല് പേർക്കും നന്ദി പറയുകയാണ്.  ഹോട്ട് ലൈൻ വഴി 60,000 ദിർഹം, 20,000 ദിർഹം, 10,000 ദിർഹം, 10,000 ദിർഹം എന്നിങ്ങനെയാണ് നാലു പേർ നൽകിയത്. ഏഴുമാസം മുൻപാണ് ഹാജി ഓർത്തെടുക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ സംഭവം നടന്നത്. റാസൽഖൈമയിൽ ട്രക്ക് ഡ്രൈവറായിരുന്നു ഹാജി. റോഡരികിൽ ട്രക്ക് നിർത്തിയിട്ട ശേഷം വെള്ളം കുടിക്കുന്നതിന് വേണ്ടി പോയതായിരുന്നു ഇയാൾ. ഈ സമയം ഒരു വ്യക്തി നിർത്തിയിട്ട ട്രക്കിന് താഴെ വിശ്രമിക്കാൻ വന്നുകിടന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടാതിരുന്ന ഹാജി വാഹനം എടുക്കുകയും ചെയ്തു. വാഹനത്തിന് അടിയിൽ ഉണ്ടായിരുന്ന വ്യക്തി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടർന്ന് ഹാജിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 

100,000 ദിർഹം മരിച്ച വ്യക്തിയുടെ കുടുംബത്തിന് ദയാധനം നൽകാനും 4000 ദിർഹം അപകടത്തിന് പിഴ നൽകാനും വിധി വന്നു. ഒരു വർഷം മുൻപ് മാത്രം കുടുംബം നോക്കാൻ യുഎഇയിൽ വന്ന ഹാജിക്ക് ഇത്രയും തുക സ്വപ്നം പോലും കാണാൻ കഴിയാത്തതായിരുന്നു. തന്റേതായ ലോകം ജയിലേയ്ക്ക് പറിച്ചു നട്ട് ഹാജി കാരാഗ്രഹവാസിയായി. നിനച്ചരിക്കാതെയാണ് ഹാജിക്ക് മോചനത്തിനു വഴി തെളിഞ്ഞത്. പിഴ നൽകാൻ കഴിയാതെ ജയിലിൽ കഴിയുന്ന ആളുകളെ സഹായിക്കുന്നതിന് ദുബായ് മിഡിയ ഇൻകോർപറേറ്റഡിന്റെ സഹായത്തോടെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ ‘ഫർജ് ബോക്സ്’ എന്നൊരു സംവിധാനമുണ്ട്. ഇതുവഴിയാണ് സഹായമെത്തിയത്.