ശ്രീദേവിയുടെ മരണം: ചർച്ച ചെയ്ത് അറബ് ലോകവും

ചലച്ചിത്ര നടി ശ്രീദേവിയുടെ മരണത്തിന്റെ അലയൊലികൾ യുഎഇയിലും. ശ്രീദേവി ദുബായ് ഹോട്ടലിലെ ബാത് ടബ്ബിൽ മുങ്ങിമരിച്ചതിനെ തുടർന്ന് യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും സ്വദേശികൾ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്ന വിവാദം സംബന്ധമായി പ്രശസ്ത അറബ് മാധ്യമപ്രവർത്തകൻ അലി ഉബൈദ് ''അൽ ബയാൻ'' അറബിക് പത്രത്തിലെഴുതിയ ലേഖനമാണ് വിഷയം സജീവമാക്കിയത്. 

മരണ വാര്‍ത്ത കേൾക്കുമ്പോൾ അറബികൾ 'ദൈവം അവരുടെ മേൽ കൃപ ചൊരിയട്ടെ' എന്ന് അറബിക്കിൽ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. ശ്രീദേവി ദുബായിൽ മരിച്ചെന്ന് കേട്ടപ്പോഴും ഹിന്ദി സിനിമകളെയും കലാകാരന്മാരെയും ഇഷ്ടപ്പെടുന്ന അറബികൾ, പ്രത്യേകിച്ച് ഇവിടുത്തെ കലാകാരന്മാർ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും മറ്റും ഇതു പറഞ്ഞു. ഇതിനെ ചിലർ വിമർശിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.  

അമുസ്‍ലിം മരിക്കുമ്പോൾ അത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടുണ്ടോ എന്നായിരുന്നു ചിലർ ഉന്നയിച്ച ചോദ്യം. എന്നാൽ, ഇത് വിമർശിക്കേണ്ടതില്ലെന്നും ആരു മരിച്ചാലും ഇങ്ങനെ പറയാമെന്ന് ഇസ്‍ലാം പഠിപ്പിക്കുന്നതായും അലി ഉബൈദ് 'ശ്രീദേവി മുങ്ങി മരിച്ചു; ഒപ്പം നമ്മളും' എന്ന തലക്കെട്ടിലെഴുതിയ ദീർഘമായ ലേഖനത്തിൽ പറയുന്നു. ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ മുഹമ്മദ് നബി ബഹുമാന സൂചകമായി എണീറ്റ് നിന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ആരാഞ്ഞപ്പോൾ, ആരുടെ മൃതദേഹമായാലും നമ്മൾ ബഹുമാനിക്കണമെന്ന് നബി മറുപടി പറഞ്ഞതും ലേഖനത്തിൽ ഒാർമിപ്പിക്കുന്നുണ്ട്. ആദമിന്റെ മക്കൾ എല്ലാവരും ആദരണീയരാണ്. ഒരു മരണത്തെ അനാവശ്യ വിവാദമാക്കുന്നുവെങ്കിൽ, നമ്മളും ശ്രീദേവിയോടൊപ്പം മുങ്ങി മരിച്ചു എന്ന് പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. പത്രത്തിന്റെ പകുതി ഭാഗത്തിൽ നിറഞ്ഞ ലേഖനത്തിൽ ശ്രീദേവിയുടെ വലിയൊരു ചിത്രവും ചേർത്തിട്ടുണ്ട്. 

ഇന്ത്യൻ സംഭവ വികാസങ്ങൾ പതിവായി തന്റെ കോളത്തിൽ പരാമർശിക്കാറുള്ള അലി ഉബൈദ് അറബ് ലോകത്തെ അറിയപ്പെടുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണ്. റാസൽഖൈമയിൽ നടന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീദേവി ഫെബ്രുവരി 24ന് രാത്രിയാണ് ദുബായ് ജുമൈറ എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചത്.