വ്യാപാരബന്ധത്തിന് ഉണർവേകി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം

ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര വാണിജ്യ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസത്തെ സന്ദർശനം. യുഎഇയിലെ എണ്ണ പര്യവേഷണ പദ്ധതിയിൽ നിക്ഷേപം നടത്തുവാനുള്ള കരാറാണ് ഈ സന്ദർശനത്തിലെ തീരുമാനങ്ങളിൽ പ്രധാനം. 

ഗൾഫിലെ പെട്രോളിയം പര്യവേഷണ രംഗത്ത് വൻതോതിൽ നിക്ഷേപം നടത്താൻ ഇന്ത്യക്ക് അവസരമൊരുങ്ങി എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ പ്രധാന നേട്ടം. അബുദാബി തീരക്കടലിലെ ലോവർ സകും പദ്ധതിയിലായിരിക്കും ഇന്ത്യ നിക്ഷേപം നടത്തുക. ONGC വിദേശിൻറെ നേതർത്വത്തിൽ മൂന്നു കന്പനികളുടെ കൺസോർഷ്യമാണ് ഇതിൽ പങ്കാളികളാവുക. 60 കോടി ഡോളറാണ് നിക്ഷേപം. ഇതുവഴി അടുത്ത 40 വർഷത്തേക്ക് പ്രതിവർഷം 20 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഇവിടെ നിന്ന് ഇന്ത്യക്ക് ലഭിക്കും. 

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻറെ ഓഫീസ് ദുബായിലും ദുബായ് ചേംബർ  ഓഫ് കോമേഴ്സ് ഓഫീസ് മുംബൈയിലും തുറക്കാനുള്ള തീരുമാനം വ്യവസായ മേഖലയ്ക്ക് ഉണർവേകും. ഡിപി വേൾഡ് അടക്കമുള്ള പ്രമുഖ കന്പനികൾ ഇന്ത്യയുടെ അടിസ്ഥാന സൌകര്യവികസന മേഖലയിൽ വൻതോതിൽ നിക്ഷേപമിറക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഗൾഫ് മേഖലയിലെ പ്രമുഖ കന്പനികളുടെ സിഇഓമാരുമായും പ്രധാനമന്ത്രി ദുബായിലും മസ്കത്തിലും കൂടിക്കാഴ്ച നടത്തി. വ്യവസായത്തിന് ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യയിലെന്ന് ഈ കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ലോകബാങ്കിൻറെ റാങ്കിങ്ങിൽ ഇന്ത്യ നാലുവർഷം കൊണ്ട് 42 സ്ഥാനം മുന്നേറിയതാണ് ഇതിന് തെളിവായി മോദി ഉയർത്തിക്കാട്ടുന്നത്. ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രിയുമായുള്ള ചർച്ചകളിൽ ഗൾഫ് കന്പനികൾ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് ഗൾഫ് കന്പനികൾക്കുള്ള ആശങ്കകൾ ഒരു പരിധി വരെ പരിഹരിക്കാൻ ഈ സന്ദർശനം സഹായിച്ചുവെന്നാണ് വിലയിരുത്തൽ