മനുഷ്യരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു- റോബട്ട് സോഫിയ

അറിവിന്റെ ഉച്ചകോടിയില്‍ ഭാവിയെക്കുറിച്ച് വാചാലയായി റോബട്ട്. മനുഷ്യനിർമിത ഹ്യൂമനോയ്ഡ് ആയ സോഫിയ ആണ് ദുബായ് നോളജ് സമ്മിറ്റില്‍ താരമായത്. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളെ നേരിട്ടതും ചടുലതയോടെ.

യന്ത്രമനുഷ്യർ മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാകുന്നതിനെക്കുറിച്ചാണ് സോഫിയ പറഞ്ഞതേറെയും. മനുഷ്യ പുരോഗതി അടുത്തപടി കടക്കുകയാണെന്നും സോഫിയ ഓർമിപ്പിച്ചു. ഫൂച്ചർ ഓഫ് ഹ്യൂമൻ –റോബട്ട് കോ എക്സിസ്റ്റൻസ് എന്ന പാനൽ ചർച്ചയിൽ വേദിയിലിരുന്ന് ജനങ്ങളെ വീക്ഷിക്കുകയും ഇടയ്ക്കു ചിരിക്കുകയും ചെയ്ത ഹ്യൂമനോയ്ഡ്, ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കി. 

മനുഷ്യരുമായി നല്ല ബന്ധമാണ് റോബട്ട് ആഗ്രഹിക്കുന്നത്. അവരുടെ ഏറ്റവും നല്ല സുഹൃത്താണ് റോബട്ടെന്നും പറഞ്ഞു. മനുഷ്യനും റോബട്ടിനും പരസ്പര പൂരകങ്ങളാകാൻ കഴിയണം. റോബട്ടിന് മനുഷ്യനെ സഹായിക്കാൻ സാധിക്കുമെന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും പറഞ്ഞു.  സൗദി അറേബ്യ കഴിഞ്ഞ മാസം പൗരത്വം നൽകിയ ഹ്യൂമനോയ്ഡ് റോബട്ട് ആയ സോഫിയയെ വൈജ്ഞാനിക ഉച്ചകോടിയുടെ അംബാസഡറായും തിരഞ്ഞെടുത്തു.