ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദേശ വ്യാപാരത്തില്‍ സര്‍വകാല റെക്കോര്‍ഡ്

ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദേശ വ്യാപാരത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ആറു വര്‍ഷത്തിനിടെയുണ്ടായത് 76,040 കോടി ദിര്‍ഹമിന്‍റെ ഇടപാടുകള്‍.  

2012 മുതല്‍ 2017 ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 76,040 കോടി ദിര്‍ഹമിന്‍റെ വിദേശ വ്യാപാരം നടന്നതായി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇതില്‍  62500 കോടിയും നേരിട്ടല്ലാത്ത ഇടപാടുകളായിരുന്നു. രാജ്യത്തെ ഫ്രീസോണ്‍ വഴി  ഇടപാടുകള്‍ 13540 കോടി ദിര്‍ഹം വരും. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയിലും വന്‍ വര്‍ധനയുണ്ട്. ആറു വര്‍ഷത്തിനിടെ 44900 കോടി ദിര്‍ഹമിന്‍റെ ഇറക്കുമതിയുണ്ടായി. യുഎഇ വഴിയുള്ള പുനര്‍ കയറ്റുമതിയിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. 18,130 കോടി ദിര്‍ഹമിന്‍റെ പുനര്‍ കയറ്റുമതിയാണ് ഈ കാലയളവില്‍ നടന്നത്. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് 13020 കോടി ദിര്‍ഹമിന്‍റെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി യോഗത്തിലാണ് വ്യാപാര ഇടപാടുകള്‍ അവലോകനം ചെയ്തത്.