ഫാമിലി സ്റ്റാറും പരാജയം; പ്രതിഫലത്തിന്‍റെ വിഹിതം വിതരണക്കാർക്ക് നൽകാമെന്ന് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം 'ദി ഫാമിലി സ്റ്റാർ' ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. 50 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെറും 35 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. 

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ നിർമ്മാതാവ് ദിൽ രാജുവുമായി ചർച്ച നടത്തിയിരുന്നു. വാർത്ത വൈറലായതോടെ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ പരശുറാമും പ്രതിഫലത്തിന്‍റെ ഒരു വിഹിതം വിതരണക്കാർക്ക് നൽകാൻ സമ്മതിച്ചു. 2018ൽ പുറത്തിറങ്ങിയ ‘ഗീതാഗോവിന്ദം’ എന്ന ഹിറ്റിനു ശേഷം പരശുറാം ദേവരകൊണ്ടയുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.

ബോക്‌സ് ഓഫീസിൽ തുടർച്ചയായ പരാജയങ്ങളാണ് വിജയ് ദേവരകൊണ്ടയ്ക്ക് നേരിടേണ്ടി വരുന്നത്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ലിഗാർ', കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഖുഷി' എന്നിവയും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. 'ഡിയർ കോമ്രേഡ്', 'വേൾഡ് ഫേമസ് ലവർ' എന്നീ സിനിമകൾക്ക് വലിയ പ്രകമ്പനം സൃഷ്ടിക്കാനുമായില്ല. ഇതിനിടെ വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ നിറഞ്ഞിരിക്കുകയാണ്.  എന്നാല്‍ രണ്ട് താരങ്ങളും വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.