‘പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും ; വിവാദം ബാധിക്കില്ല ’

തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . ജയ് ഗണേഷ്" എന്ന ചിത്രത്തിന്‍റെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാത്തത് തന്‍റെ ഭാഗം ശരിയാണെന്ന് കരുതുന്നതുകൊണ്ടാണെന്നും താരം പറഞ്ഞു.  എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള മനക്കരുത്ത് ഈ സിനിമ നൽകി. വീൽചെയറിൽ അഭിനയിക്കേണ്ടി വന്നത് വെല്ലുവിളിയായിരുന്നില്ല മറിച്ച് അത് തനിക്ക് പ്രത്യേക അനുഭവങ്ങൾ നൽകി. ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും യാതൊരു വിവാദവും തന്നെ ബാധിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു . നാട്ടിൽ വൻ വിജയമായ ചിത്രം ഗൾഫിലും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതുന്നുവെന്ന് സംവിധായകന്‍  പറഞ്ഞു.