ഹിറ്റ് ജോഡി 15 വര്‍ഷത്തിനുശേഷം ; ശോഭനയും മോഹന്‍ലാലും ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്‍റെ പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുക. ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മോഹൻലാൽ, ശോഭന ചിത്രം വരുന്നത്.

2009ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.  അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. മോഹന്‍ലാലിന്‍റെ 360-ാം സിനിമയായിരിക്കും ഇത്. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നിവയാണ് തരുണ്‍ മൂര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമകള്‍.