15വര്‍ഷം മുന്‍പ് ‘നേരേ ചൊവ്വെ’യില്‍ പറഞ്ഞ ലക്ഷ്യം ഇന്ന് കൈപ്പിടിയില്‍; പൃഥ്വിരാജിന് കയ്യടിച്ച് പ്രേക്ഷകര്‍

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ പൃഥ്വിരാജ് സ്വന്തം ഭാവിയെക്കുറിച്ച് മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേയിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. 20 വര്‍ഷങ്ങള്‍ക്കപ്പുറം നേടണമെന്ന് ആഗ്രഹിച്ച സ്വപ്നങ്ങള്‍ എല്ലാം കാലങ്ങള്‍ക്ക്  മുന്‍പേ  കൈപിടിയിലാക്കിയ പൃഥ്വിരാജിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. കഴിഞ്ഞദിവസം നേരെ ചൊവ്വേയിൽ സംവിധായകൻ ബ്ലെസിയും ഇക്കാര്യം ശരിവച്ചു.

15 വര്‍ഷം മുന്‍പ് മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍  മനസ് തുറക്കുമ്പോള്‍ പൃഥ്വിരാജ് സുകുമാരന് പ്രായം  26. മലയാളത്തിനൊപ്പം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ അറിയപ്പെടുന്ന നടന്‍, ലൂസിഫറിലൂടെ തുടക്കം കുറിച്ച സംവിധായക വേഷം, നിരവധി വിജയ ചിത്രങ്ങളുടെ നിര്‍മാതാവ്, വിതരണക്കാരൻ. 15 വര്‍ഷങ്ങള്‍ക്കിപ്പുറം പൃഥ്വി മലയാള സിനിമയുടെ അഭിമാനമായി മാറുന്ന കാഴ്ച. ആടുജീവിതത്തിന്‍റെ  വിജയകുതിപ്പിനിടയില്‍ നേരെ ചൊവ്വേയിലൂടെ തന്നെ. സംവിധായകന്‍ ബ്ളെസ്സി അത് സാക്ഷ്യപ്പെടുത്തുന്നു. ലോക ചലച്ചിത്രവേദിയില്‍   മലയാള സിനിമയുടെ തിളക്കമേറ്റാന്‍ പൃഥ്വിരാജിന് കഴിയുന്നു എന്നത് ആരാധകരുടേയും സാക്ഷ്യം.