ദിവസങ്ങളോളം പട്ടിണി; ശരീരവും ആത്മാവും സമര്‍പ്പിച്ച 16 വര്‍ഷം; എന്‍റെ 'ഗോട്ട്' നിങ്ങളാണ്; സുപ്രിയ

ആടുജീവിതം തീയറ്ററുകളിലെത്തുമ്പോള്‍ പൃഥ്വിരാജിന് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സുപ്രിയ. 16 വര്‍ഷം നീണ്ട ഈ യാത്രയെ എന്ത് പേരിട്ടാണ് നിങ്ങള്‍ വിശേഷിപ്പിക്കുന്നത്? 2006 മുതല്‍ പൃഥ്വിയെ എനിക്കറിയാം. 2011 മുതല്‍ വിവാഹം കഴിച്ച് പൃഥ്വിക്കൊപ്പമുണ്ട്. ഒരുപാട് ഒരുപാട് സിനിമകളിലൂടെ പൃഥ്വി കടന്നുപോകുന്നത് കണ്ടു. എന്നാല്‍ ഇങ്ങനെയൊന്ന് ഇത് ആദ്യമാണ്, സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഭ്രാന്തമായ ഉപവാസ ദിവസങ്ങളിലൂടെ, തുടരെ വിശന്നിരുന്ന് നിങ്ങള്‍ കടന്നുപോകുന്നത് ഞാന്‍ കണ്ടു. നിങ്ങളുടെ ശരീരഭാരം കുറയുന്നത് ഞാന്‍ കണ്ടു. ഏറെ ക്ഷീണിതനും ബലഹീനനുമായിരുന്നു ഈ സമയം നിങ്ങള്‍. കോവിഡിന്റെ സമയം ലോകം മുഴുവന്‍ ഒന്നിച്ചിരിക്കുമ്പോള്‍ നമ്മള്‍ പിരിഞ്ഞിരുന്നു. മരുഭൂയിലെ ഇടയ്ക്കിടെ ലഭിക്കുന്ന സിഗ്നലുകളുടെ ബലത്തില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണ് നമുക്ക് ലഭിച്ചത്. ഈ ഒരു സിനിമ കാരണം നഷ്ടപ്പെടുത്തിയ അന്യഭാഷാ ചിത്രങ്ങള്‍. ഇതിനെല്ലാം ഇടയില്‍ ശ്രദ്ധ വിടാതെ നിങ്ങള്‍ കലയെ മുറുകെ പിടിച്ചു, സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. 

ഒരാളുടെ ജീവിത കഥ പറയാന്‍ മനസും ശരീരവും ആത്മാവും ഒന്നിപ്പിച്ചുള്ള യാത്രയായിരുന്നു നിങ്ങളുടേത്. മാര്‍ച്ച് 28ന് നിങ്ങളുടെ ആ എല്ലാ പ്രയത്നങ്ങള്‍ക്കുമുള്ള ഫലം ലഭിക്കുന്ന ദിവസമാണ്. നിങ്ങളുടെ ഈ സമര്‍പ്പണം എന്റെ കണ്ണില്‍ സമാനതകളില്ലാത്തതാണ്. എന്റെ കണ്ണില്‍ എന്നും നിങ്ങള്‍ ഗോട്ട്(G.O.A.T) ആണ്, സുപ്രിയ പറയുന്നു. 

Supriya shares hear touching notes to Prithviraj