സത്യഭാമ ചെയ്തത് തെറ്റാണ്; വിദ്യാര്‍ത്ഥികളോട് ഫഹദിന്റെ പ്രതികരണം

നിറത്തിന്റെ പേരില്‍ മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമ ചെയ്തത് തെറ്റാണെന്ന് നടന്‍ ഫഹദ് ഫാസിലിന്റെ പ്രതികരണം. അവര്‍ പറഞ്ഞത് തെറ്റാണെന്നായിരുന്നു നടന്റെ പ്രതികരണം. 

ആലുവ യുസി കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ഫഹദ് നിലപാട് തുറന്നു പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രമോഷനെത്തിയതായിരുന്നു നടന്‍.  ആവേശം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് ഒരു വിദ്യാര്‍ത്ഥിനി ഈ വിഷയത്തെക്കുറിച്ച് ചോദിച്ചത്. എന്റെ നിലപാട് ഞാന്‍ പറഞ്ഞേക്കാമെന്നും ഇനി ഇങ്ങനത്തെ ചോദ്യങ്ങള്‍ വേണ്ടെന്നും പറഞ്ഞാണ് ഫഹദ് സത്യഭാമ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് പ്രതികരിച്ചത്.  

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്. ആവേശം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. 

 മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Actor Fahad Fazil reaction on Sathybhama controversy