വെറുപ്പ് കൊണ്ടുണ്ടാകുന്ന വിമർശനങ്ങളെ ഞാൻ ചവറ്റുകൊട്ടയിലെറിയും: എ.ആർ റഹ്മാൻ

റോജയിൽ തുടങ്ങി ഭാഷകളും അതിർത്തികളും കടന്ന് ലോകം കീഴടക്കിയ എ.ആർ.റഹ്മാൻ്റേത് ശുദ്ധസംഗീതമല്ലെന്ന വിമർശനം യാഥാസ്ഥിതികർ ഏറെക്കാലം ഉയർത്തിയിരുന്നു. ഓസ്കർ ഉൾപ്പെടെയുള്ള വേദികൾ താണ്ടിയാണ് റഹ്മാൻ വിമർശകരുടെ വായടപ്പിച്ചത്. എന്നാൽ അത്തരം വിമർശനങ്ങൾ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് റഹ്മാൻ മനോരമന്യൂസിനോട് പറഞ്ഞു. 'വിമർശനം നല്ലതാണ്. അതില്‍ നിന്ന് നല്ല പലതും എനിക്ക് ലഭിക്കാറുണ്ട്. ചിലത് കേൾക്കുമ്പോൾ കൂടുതല്‍ ഇന്ത്യന്‍ രാഗങ്ങള്‍ കേള്‍ക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് ഞാൻ സ്വീകരിക്കും'. 

പക്ഷേ ചില വിമര്‍ശനങ്ങളുടെ അടിത്തറ വെറുപ്പാണ്. അത്തരം വിമര്‍ശനങ്ങളെ താൻ ചവറ്റുകുട്ടയിലെറിയുമെന്ന് റഹ്മാൻ പറഞ്ഞു. 'എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പരുഷമോ വിനാശകരമോ ആയിരിക്കരുതെന്ന് മാത്രം. ചിലര്‍ തൊണ്ണൂറുകളിലെ പാട്ടുകള്‍ കേള്‍ക്കും. എന്നിട്ടുപറയും അന്നത്തെ സംഗീതമാണ് ഏറ്റവും നല്ലതെന്ന്. നിങ്ങള്‍ തൊണ്ണൂറുകളില്‍ ചെയ്ത ‘റോക്സ്റ്റാര്‍’ നല്ലതായിരുന്നുവെന്ന് എന്നോട് ഒരാൾ പറഞ്ഞിട്ടുണ്ട്. അത് അടുത്തിടെ ചെയ്ത സിനിമയാണെന്ന് പോലും അറിയാതെയാണ് അങ്ങനെ പറയുന്നത്. നിങ്ങള്‍ക്ക് നല്ല  മനസ്സുറപ്പില്ലെങ്കില്‍ ഇങ്ങനെയുള്ള കമൻ്റുകള്‍ കേള്‍ക്കുമ്പോൾ കരുതും ഓ, അതുപോലത്തെ മ്യൂസിക് ചെയ്താല്‍ ഇപ്പോഴുള്ളവര്‍ക്ക് ഇഷ്ടപ്പെടുമെന്ന്. പക്ഷേവാസ്തവം മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Some criticisms are out of hatred, says A.R Rahman