അയല്‍വീട്ടില്‍ നിന്നും അസാധാരണമായ നിലവിളി കേട്ടാല്‍ ആരായാലും ഒന്ന് ആശങ്കപ്പെടും. ഓടിയെത്തി അന്വേഷിക്കുകയോ എത്താന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ പൊലീസില്‍ അറിയിക്കുകയോ െചയ്യുന്നത് പതിവാണ്. എന്നാല്‍ സദുദ്ദേശത്തോടെ ചെയ്ത അത്തരമൊരു ഫോണ്‍ കോളില്‍ പാഞ്ഞെത്തിയ പൊലീസ് കണ്ടത് രസകരമായ സംഭവമാണ്. കലിഫോര്‍ണിയയിലാണ് സംഭവം. സോ ടെണ്‍ എന്ന ഹൊറര്‍ ചിത്രത്തിന്‍റെ എഡിറ്റിങിനിടെയുണ്ടായ ശബ്ദമാണ് അയല്‍വാസിയെ പേടിപ്പെടുത്തിയത്. ആരോ അലറിക്കരയുന്നത് പോലെയുള്ള ശബ്ദം കേട്ടതും അയല്‍വാസി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ സ്റ്റീവ് ഫോണാണ് കഴിഞ്ഞ ദിവസം നടന്ന രസകരമായ സംഭവം പങ്കുവെച്ചത്.
വയലന്‍സ് നിറഞ്ഞ ഒരു രംഗത്തില്‍ അഭിനേതാവ് അലറിക്കരയുന്ന ഭാഗമായിരുന്നു എഡിറ്റ് ചെയ്തത്. വലിയ ശബ്ദമായതിനാല്‍ തൊട്ടടുത്തുണ്ടായിരുന്നവര്‍ തെറ്റിധരിച്ചതാണന്ന് എഡിറ്റര്‍ പങ്കുവെച്ചു. നോര്‍ത്ത് ഹോളിവുഡിലാണ് ഫോണിന്‍റെ എഡിറ്റിങ് ഓഫിസ്. വാതില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോഴാണ് പൊലീസ് വന്ന കാര്യം ഫോണ്‍ അറിയുന്നത്. അയല്‍വാസികള്‍ വിളിച്ച് പറഞ്ഞതാണന്നും, ആരോ മരണവെപ്രാളത്തില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടെന്നുമായിരുന്നു പരാതി. എന്നാല്‍ താന്‍ പുതിയ ചിത്രത്തിന്‍റെ എഡിറ്റിങിലാണന്നും പരിശോധിക്കാമെന്നും ഫോണ്‍ അറിയിച്ചു. കാര്യമറിഞ്ഞതോടെ പൊലീസ് തിരികെ മടങ്ങി.
സോ സീരിസിലെ പത്താമത്തെ ഭാഗമാണ് സോ 10. ആദ്യ ചിത്രം ഇറങ്ങിയത് 2004ലാണ്. കഴിഞ്ഞ മാസം 29ന് പത്താം ഭാഗം റിലീസ് ചെയ്തു.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.