ഇതിലപ്പുറം ചാടിക്കടന്നവനാണീ..; ഇന്നച്ചനും ലളിതയും പണിത ചിരിയരങ്ങ്

innocent-lalitha
SHARE

 ഇതിലപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്....‌‌ മലയാളിയെ വല്ലാതെ ചിരിപ്പിച്ച ഡയലോഗ്. അതെ, അതിലും ചാ‌ടിക്കടന്ന് മലയാളികളെ ചിരിപ്പിക്കുകയും ഇടയ്ക്കൊക്കെ കരയിപ്പിക്കുയും ചെയ്തിട്ടുണ്ട് ഇന്നസെന്‍റ് എന്ന വലിയ നടന്‍. വളരെ സ്വാഭാവികമായ ഒരു ഇന്നസെന്‍റ് ശൈലി തന്നെയാണ് അദ്ദേഹത്തിന് ഇത്രമാത്രം പ്രേക്ഷകപ്രീതി നേടിക്കൊടുത്തതും. പല സിനിമകളിലും നായകന്‍മാരെക്കാള്‍ കയ്യടി വാങ്ങുകുയും ചെയ്തിട്ടുണ്ട് ഈ അഭിനേതാവ്.

ഒറ്റയ്ക്കല്ല മിക്കപ്പോഴും ഇന്നസെന്‍റ് മലയാളികളെ ചിരിപ്പിച്ചത്. മമ്മൂട്ടിയോടും മോഹന്‍ലാലിനോ‌ടുമൊപ്പം തമാശ സീനുകള്‍ അനശ്വരമാക്കിയിട്ടുണ്ടങ്കിലും, അദ്ദേഹത്തിന്‍റെ കൂടെ കട്ടയ്ക്ക് പിടിച്ചുനിന്ന പെണ്‍കഥാപാത്രങ്ങളുടെ നീണ്ട നിരയുണ്ട്. രസകരമായ എത്രയെത്ര മുഹൂർത്തങ്ങളാണ് അവരുടെ കൂട്ട് പടച്ചുവച്ചത്. അതില്‍ ആദ്യം വരുന്നത് കെ.പി.എ.സി ലളിതയും കല്പനയുമൊക്കെയാണ്. സിനിമകളിലെ നായിക കഥാപാത്രങ്ങളുമായി പല തരത്തിലുള്ള കോമ‍ഡി രംഗങ്ങള്‍ക്കും ഇന്നസെന്‍റ് ജീവന്‍ നല്‍കി.

കിലുക്കത്തില്‍ രേവതിയുടെ കഥാപാത്രവുമായി നടത്തുന്ന പിടിവലികളും, ഒടുക്കം അടിച്ചു മോളെ എന്ന ഡയലോഗും ഇന്നും കാണുന്നവരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ക്രോണിക്ക് ബാച്ചിലര്‍, മിഥുനം, നന്ദനം, കല്യാണരാമന്‍, ഇഷ്ടം, റാം ജി റാവ് സ്പീക്കിങ്, ചന്ദ്ര ലേഖ, സന്ദേശം തുടങ്ങി ചിത്രങ്ങള്‍ നീണ്ടുകിടക്കുകയാണ്. എന്നാലും ഇന്നസെന്‍റ് എന്ന നടന്‍ കെ.പി.എ.സി ലളിതയു‌ടെ കൂടെ ചെയ്ത വേഷങ്ങള്‍ക്കെല്ലാം വേറെത്തന്നെ ഫാന്‍ ബേസുണ്ട്. ബാക്കിയെല്ലാം പരാജയമായിരുന്നെന്നോ പ്രേഷകരെ ചിരിപ്പിച്ചില്ലന്നോ അല്ല. അത് ഇന്നസെന്‍റ് തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. അവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി വന്ന് പ്രേഷകരെ ചിരിപ്പിക്കുന്നതാണ് ഏറെ.

1990ലാണ് ആദ്യമായി ഇന്നസെന്‍റ് കെ.പി.എ.സി ലളിത ജോഡികള്‍ പ്രേഷകര്‍ക്ക് മുന്നിലെത്തുന്നത്. അത് വിജയമായതോടെ അവര്‍ മലയാള സിനിമയിലെ കോമഡിയുടെ ഭാഗ്യ ജോഡികളായി. ഗോഡ് ഫാദറിലെ ഇന്നസെന്‍റിന്‍റെ ഭാര്യയായി എത്തുന്ന ലളിത കുറഞ്ഞ സമയം കൊണ്ട് ചിത്രം മുഴുവന്‍ വശത്താക്കി. ഒരു ഏച്ചുകെട്ടലോ കൃത്രിമത്വമോ തോന്നാതെ തന്നെ രണ്ട് കഥാപാത്രങ്ങളും അനുഭവിക്കുന്ന പേടിയും കള്ളത്തരങ്ങളും അത്ര തന്നെ പ്രേഷകരിലേക്ക് എത്തിക്കുന്നുണ്ട്, സ്വാമിയേട്ടനും ഭാര്യയും. പിന്നീട് അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും, ഇഞ്ചിക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, ഉത്സവ മേളം, പാവം പാവം രാജകുമാരന്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മണിച്ചിത്രത്താഴ്, വിയറ്റ്നാം കോളനി, കോട്ടയം കുഞ്ഞച്ചന്‍, പാപ്പി അപ്പച്ചാ അങ്ങനെ നീളുന്നു ലളിത– ഇന്നസെന്‍റ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ പൊട്ടിച്ചിരികള്‍.

ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലുമുണ്ട് ഹിന്ദി മാഷായെത്തി ലളിതയോടെപ്പം ഇന്നസെന്‍റ് ടച്ചുള്ള തമാശകള്‍. തീര്‍ന്നില്ല, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ പല സിനിമകളിലുമുണ്ട് ഇതേ മാജിക്. ഇന്നസെന്‍റ് തീര്‍ത്ത ഹാസ്യങ്ങള്‍ക്ക് അയാളുടേതായ ഒരു ഓറ ഉണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല പൊതുവേദികളില്‍ സംസാരിക്കുമ്പോഴും വളരെ നാച്ചുറലായി കടന്നുവരുന്ന നര്‍മം. 'ഹെന്‍റമ്മേ..' എന്നൊക്കെ ഇന്നസെന്‍റ് പറയുമ്പോള്‍ ചിരിക്കുന്ന പ്രേക്ഷകര്‍ അത് വേറെ അളുകള്‍ പറയുമ്പോള്‍ ചിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇന്നസെന്‍റിന്‍റെ തമാശകള്‍ക്ക് അത്തരത്തില്‍ അളന്നു തൂക്കി നിന്നുകൊടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രേക്ഷകര്‍ സ്വാഭിവകമായി തന്നെ കല്‍പനയെയും കെ.പി.എ.സി ലളിതയെയും അദ്ദേഹത്തോടൊപ്പം സ്ക്രീനില്‍ കാണാന്‍ ആഗ്രഹിച്ചത്.

ശുദ്ധ നര്‍മം നന്നായി അവര്‍ വര്‍ക്കൗട്ടാക്കി. അല്ലങ്കില്‍ കുറെത്തവണ കണ്ടതാണങ്കിലും മണിച്ചിത്രത്താഴില്‍ ഉണ്ണിത്താനെ മിണ്ടാതെ ഉരിയാടാതെ ഭാസുരാമ്മ ജപിച്ച ചരട് കെട്ടാന്‍ കടന്നുപിടിക്കുന്ന സീനിന് മുന്നില്‍ നമ്മള്‍ വിണ്ടും ചിരിച്ച് വീഴില്ലല്ലോ. അധികമില്ലങ്കിലും കല്‍പന– ഇന്നസെന്‍റ് ജോഡിയും തീരെ പിന്നിലല്ല. സൂര്യപുത്രനിലെ മിസ് നീലിയും പൗലോസേട്ടനും, നമ്പര്‍ 1 സ്നേഹതീരം ബാംഗളൂര്‍ നോര്‍ത്ത് എന്ന സിനിമയിലെ കുര്യാക്കോസും മെറ്റില്‍ഡയും കുറഞ്ഞ നേരം കൊണ്ടല്ലേ പ്രേഷക മനസിനെ ചിരിപ്പിച്ചത്. ഇഷ്ടത്തിലെ മറിയാമ്മ എസ്. ഐ ആയിട്ടെത്തിയ കല്‍പനയു‌ടെ കഥാപാത്രമായിരുന്നു കുറച്ചുകൂടി പ്രേഷകര്‍ ഏറ്റെടുത്തത് . നര്‍മം മാത്രമല്ല, പ്രേഷകരില്‍ നിന്നും ഒരിറ്റ് കണ്ണീര് പൊടിയുന്ന കഥാപാത്രങ്ങളും ഇന്നസെന്‍റിന്റെ കസ്റ്റഡിയിലുണ്ട്. കാബൂളിവാലയിലെ കടലാസും കുറച്ച് നേരത്തേക്കാണങ്കിലും ഒരു ഫ്ലാഷ് ബാക്ക് പറയുന്ന വിനോദയാത്രയിലെ കഥാപാത്രവുമൊക്കെ.

സ്ഥിരം പ്രത്യക്ഷപ്പെട്ടിട്ടില്ലങ്കിലും ഫിലോമിനയോടൊപ്പവും അനശ്വരമായ കോമഡി രംഗങ്ങള്‍ ഇന്നസെന്‍റ് ചെയ്തിട്ടുണ്ട്. ഗോഡ് ഫാദര്‍, മഴവില്‍ക്കാവടി, ഐസ്ക്രീം എന്നീ ചിത്രങ്ങളില്‍ ഒരു പിടി നല്ല നര്‍മരംഗങ്ങളുണ്ട്. ‌‌മലയാളത്തിലെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറിനും ശ്രീനിവാസനും ജയറാമിനും ദിലീപിനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമൊക്കെ ഇന്നസെന്‍റ് ചെയ്ത കോമഡി സീനുകള്‍ മറ്റാര്‍ക്കും പകരം വെയക്കാനാവാത്തതാണ്. അവിടെ മറ്റൊരു നടനെ സങ്കല്‍പിക്കാനാവാത്ത വിധം അത് തന്‍റേത് മാത്രമാ‌ണന്ന് വരുത്തി തീര്‍ക്കാന്‍ ഇന്നസെന്‍റ് എന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞു. എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ വന്നാലും പോയാലും ലളിതയുടെ കൂടെ ഇന്നസെന്‍റ് ചെയ്ത് കഥാപാത്രങ്ങളുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും.

MORE IN ENTERTAINMENT
SHOW MORE