ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറുന്ന കീരവാണി

വിവിധ ഭാഷകളില്‍ വിവിധ പേരുകളില്‍ സംഗീതം ഒരുക്കുന്ന എം.എം കീരവാണി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറിയിരിക്കുന്നു. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ കീരവാണിയുടെ കയ്യെത്തും ദൂരത്താണ് ഓസ്കര്‍ പുരസ്കാരം. അമേരിക്കന്‍ മണ്ണില്‍ തെന്നിന്ത്യന്‍ സംഗീതം തലയുയര്‍ത്തി നില്‍ക്കുന്നത് കാണാനുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളാണ് ഇനി.  

കര്‍ണടക സംഗീതത്തിലെ രാഗത്തിന്‍റെ പേര് കൂടിയാണ് കീരവാണി. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്‍ക്കുന്ന പ്രകൃതക്കാരനല്ല കീരവാണിയെങ്കിലും പാട്ടുകള്‍ മൂളിക്കൊടുത്താല്‍ ഭാഷാഭേദമന്യേ ആളുകള്‍ക്ക് അദ്ദേഹം മുന്‍പരിചയക്കാരനായിരിക്കും. 1990ല്‍ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. കരിയറിന്‍റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വര്‍ഷം സൂര്യമാനസം.  കീരവാണിയുെട മെലഡിയില്‍ മലയാളം വിതുമ്പുകയായിരുന്നു. 

ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാന്‍. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. 2014ല്‍ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ ബന്ധുകൂടിയായ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്. അതൊരു നിയോഗമായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്.

 MM Keeravani makes India proud