95 സ്റ്റെപ്പുകള്‍; ചടുലം നമ്മുടെ 'നാട്ടു നാട്ടു'; ദക്ഷിണേന്ത്യയുടെ ഓസ്കർ

nattu
SHARE

ആര്‍ആര്‍ആര്‍ ബോളിവുഡ് സിനിമയല്ല. ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുഗ് സിനിമയാണ്..ഞാന്‍ വരുന്നത് അവിടെ നിന്നാണ്...ആഗോള തലത്തില്‍ ആര്‍ആര്‍ആര്‍ ഇന്ത്യയുടെ മുഖമായപ്പോള്‍ രാജമൗലി അമേരിക്കന്‍ സദസിന് മുന്‍പില്‍ പറഞ്ഞതിങ്ങനെ...എന്നിട്ടും ഒസ്കര്‍ വേദിയില്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ ആര്‍ആര്‍ആറിെപരിചയപ്പെടുത്തിയത് ബോളിവുഡ് സിനിമയെന്ന്. ആര്‍ആര്‍ആര്‍ എന്ന പൂർണമായും ഒരു പ്രാദേശിക സിനിമ ഒാസ്കറില്‍ മുത്തമിടുമ്പോഴും ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്ന ലോക സങ്കല്‍പ്പം തുടരുന്നു...

ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച ചിത്രങ്ങളിറങ്ങിയിരുന്നത് ബംഗാളിയിലായിരുന്നു. മലയാളവും തമിഴും മറാഠിയുമെല്ലാം സിനിമയുടെ പുതിയ ഭൂതലങ്ങള്‍ കണ്ടെത്തിയെങ്കിലും ഹിന്ദി എന്ന ഭാഷയ്ക്ക് അപ്പുറമാണ് ഇന്ത്യയുടെ വൈവിധ്യം എന്ന് തിരിച്ചറിയപ്പെടാതെ, ഇന്ത്യൻ സിനിമകളെല്ലാം ബോളിവുഡാണ് എന്ന സങ്കല്‍പ്പം തിരുത്തപ്പെടാന്‍ തയ്യാറാവാതെ തുടര്‍ന്ന് പോകുന്നു. തമിഴും മലയാളവും കന്നഡയും മറാഠിയും ഒക്കെ അരങ്ങു വാഴുന്ന ഇന്ത്യൻ സിനിമാ യുഗത്തിലാണ് നമ്മളിപ്പോള്‍ ഉള്ളതെന്ന് ലോകത്തിന് കൂടി മനസിലാക്കി കൊടുക്കാനാവണം ഈ ഓസ്കറിലൂടെ.

ഒസ്കര്‍ വേദിയില്‍ 14 വര്‍ഷത്തിന് ശേഷം ഇന്ത്യ നിറഞ്ഞപ്പോള്‍ കീരവാണി സംഗീതം ഡോള്‍ബി തീയറ്ററിലും കയ്യടികള്‍ വരിക്കൂട്ടിയെന്നത് മാത്രമല്ല പ്രത്യേകത...ഒരു ഇന്ത്യന്‍ ഭാഷ ഗാനരചയിതാവിന്റെ കൈകളിലേക്ക് ആദ്യമായി ഓസ്കര്‍ എത്തുക കൂടിയാണ്...നാട്ടു നാട്ടുവില്‍ നിറയുന്നതും ആ പ്രാദേശികത്വം തന്നെ...'ഇഷ്ടമുള്ളത് പോലെ വരികളെഴുതു...പക്ഷേ കഥ നടക്കുന്നത് 1920കളിലാണ്...അതിനനുസരിച്ചായിരിക്കണം വരികള്'‍...തന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ ചന്ദ്രബോസിനോട് കീരവാണി പറഞ്ഞതിങ്ങനെ...ഒരു ഈണവും കീരവാണി മുന്‍പിലേക്ക് വയ്ക്കാതെ തന്നെ ചന്ദ്രബോസ് രണ്ട് വാക്കുകള്‍ കുറിച്ചു...നാട്ടു നാട്ടു...കീരവാണി അതിന് ആന്ധ്രയുടെ ഗോത്ര പാരമ്പര്യത്തിന്റെ താളം കൊടുത്തപ്പോള്‍ മുളകിനൊപ്പം ചോളം റൊട്ടി കഴിക്കുന്ന കുട്ടിക്കാല ഓര്‍മ കൂടി ചേര്‍ത്താണ് ചന്ദ്രബോസ് വരികള്‍ പൂര്‍ത്തിയാക്കിയത്.

ആര്‍ആര്‍എആര്‍ എന്ന സിനിമയെ ആകെ 10 മിനിറ്റില്‍ ചുരുക്കി കാണിക്കുകയാണ് നാട്ടു നാട്ടുവില്‍ എന്നും രാജമൗലി പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭീകരതയ്ക്ക് മുന്‍പില്‍ നിസഹായനായി വീഴുന്ന ഭീമിനെ കൈപിടിച്ചുയര്‍ത്തി ലോകത്തിന് മുന്‍പില്‍ തല ഉയര്‍ത്തി നൃത്തം വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന റാമിലൂടെ രാജമൗലി സിനിമയില്‍ പറയാനുള്ളതെല്ലാം ആ ഒരൊറ്റ പാട്ടിലൂടെ പറയുന്നുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക്, ദക്ഷിണേന്ത്യക്ക്, ദ്രാവിഡ സംസ്കാരത്തിന് ഒക്കെയുള്ള അംഗീകാരമാണ് നാട്ടു നാട്ടുവിന് ലഭിച്ച ഈ ഓസ്കര്‍. 

ഇന്ത്യക്ക് അഭിമാനമായി മാറിയ നാട്ടു നാട്ടുവിന്റെ പ്രത്യേകതകളിലേക്ക് വന്നാല്‍, പാട്ടിന്റെ ഭൂരിഭാഗവും രണ്ട് ദിവസത്തില്‍ തീര്‍ന്നു. പക്ഷെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാവാന്‍ വേണ്ടിവന്നത് 19 ദിവസം. കീരവാണിയേയും ചന്ദ്രബോസിനേയും കൂടാതെ നാട് മുഴുവന്‍ കീഴടക്കാന്‍ പാകത്തില്‍ നാട്ടു നാട്ടുവിനെ ഒരുക്കിയതിന് പിന്നില്‍ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്തിന്റെ കൈകളുമുണ്ട്. 95 സ്റ്റെപ്പുകളാണ് നാട്ടു നാട്ടുവിന് വേണ്ടി പ്രേം പ്രകാശ് കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ പടര്‍ന്ന എന്‍ടിആറിന്റേയും രാം ചരണിന്റേയും സിഗ്നേച്ചര്‍ സ്റ്റെപ്പിന്റെ 30 വ്യത്യസ്ത ചുവടുകളും പ്രേം പരീക്ഷിച്ചിരുന്നു. 

രണ്ട് താരങ്ങള്‍ക്കും വ്യത്യസ്ത ശൈലിയാണുള്ളത്. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഇണങ്ങുന്ന ചുവടുകള്‍ വേണം. അത് അധികം പ്രയാസമുള്ളതും ആവരുത്. ആളുകള്‍ക്ക് അനുകരിക്കാന്‍ സാധിക്കുന്നതുമാവണം...ആദ്യാവസാനം എനര്‍ജി നിലനില്‍ക്കണം. 

കൊറിയോഗ്രാഫര്‍ക്ക് രാജമൗലി നല്‍കിയ നിര്‍ദേശം ഇത്രമാത്രം. ഇന്ത്യയില്‍ തരംഗമായി മാറിയ ചുവടുകള്‍ ലോകം മുഴുവന്‍ കീഴടക്കുന്നതാണ് പിന്നെ കണ്ടത്. ലോസ് ഏയ്ഞ്ചലസില്‍ സിനിമ പ്രദര്‍ശനത്തിനിടയില്‍ പോലും കാണികള്‍ സ്റ്റേജിലേക്ക് കയറി ചുവടുകള്‍ വെച്ചു...ഒടുവില്‍ ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പം മത്സരിച്ച് ഓസ്കറിലും മുത്തമിടുന്നു...

MORE IN ENTERTAINMENT
SHOW MORE