ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിക്കായി ഗാനമൊരുക്കി മൂന്ന് യുവാക്കൾ. റസൂൽ പൂക്കുട്ടിക്കൊപ്പം ലോകത്തിലെ മുഴുവൻ സൗണ്ട് എൻജീനീയർമാർക്കുമാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശികളായ ശ്രീനേഷ് പ്രഭു, സഞ്ജു തോമസ് ജോർജ്, വിനീത് എസ്തപ്പാൻ എന്നിവരാണ് പിന്നണിയിൽ.
റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ ലഭിച്ച ശേഷമാണ് സൗണ്ട് എൻജിനീയറിങ്ങിനെക്കുറിച്ച് ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്താണ് സൗണ്ട് എൻജിനീയറിങ്ങിൻ്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിഞ്ഞത്. റസൂൽ പൂക്കുട്ടിയുടെ ജൻമദിനത്തിനൊപ്പം സംഗീതത്തിലും സിനിമയിലും പിന്നണിയിൽ പ്രവർത്തിക്കുന്ന സൗണ്ട് എൻജിനീയർമാർക്കുള്ള സമർപ്പണം കൂടിയാണ് ഈ ഗാനം. ശബ്ദതാരാപഥത്തിലെ താരമേ എന്ന ഗാനത്തിന്‍റെ രചനയും സംവിധാനവും ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനേഷ് പ്രഭുവാണ്. റസൂൽ പൂക്കുട്ടിയെ സന്ദർശിച്ച് മടങ്ങി വരും വഴിയാണ് ഗാനത്തിന്‍റെ ആദ്യവരി പിറന്നത്.
ദുബായിൽ സംഗീതാധ്യാപകനായി ജോലി ചെയ്യുന്ന സഞ്ജു തോമസ് ജോർജ് ആണ് ഗായകൻ. ആലപ്പുഴയിൽ റിക്കോർഡിങ്ങ് സ്റ്റുഡിയോ നടത്തുന്ന വിനീത് എസ്തപ്പാൻ ആണ് സൗണ്ട് എൻജിനീയർ. അമേരിക്കയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നീഗ്രോ വംശജൻ ജോർജ് ഫ്ലോയിഡിനെക്കുറിച്ചുള്ള ഇംഗ്ലീഷ് ഗാനം ശ്രീനേഷ് പ്രഭു ഒരുക്കിയിരുന്നു. ഈ ഗാനത്തിന്‍റെ പോസ്റ്റർ റസൂൽ പൂക്കുട്ടിയാണ് പ്രകാശനം ചെയ്തത്.