അന്ന് ലോകമെങ്ങും തരംഗം ഈ ‘കാർപെന്റെർസ്’; കീരവാണി പറഞ്ഞ ആദരം..

കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ പറഞ്ഞ പേരാണ് കാർപെന്റെർസ് എന്ന സംഗീത ബാന്റിന്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റർസ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെൻടറും ചേർന്ന് 1968 ലാണ് കാർപെന്റെർസ് ബാൻഡ് രൂപീകരിച്ചത്. ദി കാർപെന്റെർസ് എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും കാർപെന്റെർസ് എന്നാണ് ഇവരുടെ ഔദ്യോഗിക നാമം.

സോഫ്റ്റ്‌ മ്യൂസിക്കിന്റെ പുതിയ മാനങ്ങൾ കണ്ട് പിടിച്ച ഇവരുടെ 10 ആൽബങ്ങളിൽ മിക്കതും ലോകം മുഴുവൻ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. റെക്കോർഡ് തുകക്ക് വിറ്റു പോയിരുന്ന അവരുടെ പാട്ടുകൾ ഇന്നും സംഗീത ലോകത്തിനത്ഭുതമാണ്. സ്വന്തം പാട്ടുകൾക്ക് പുറമെ ബീറ്റിൽസിന്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ കമ്പോസിങ്ങും ശ്രദ്ധ നേടിയിരുന്നു. ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലുള്ള തീവ്ര വിരഹവും പ്രണയവും പറയുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. കാരന്റെ അപ്രതീക്ഷിതമായ മരണത്തോടെ കാർപെന്റെർസ് ബ്രാൻഡ് ഇല്ലാതായി.