ആ സോഫയില്‍ ചാര്‍ളി നമ്മെ കുരുക്കി; ഓസ്കറും നേടി ഫ്രേസറുടെ അത്ഭുത തിരിച്ചുവരവ്

brendan5
SHARE

കുട്ടിക്കാലത്ത് നമ്മള്‍ പലരിലും നിഗൂഡതകളുടെ ചെപ്പ് തുറന്നായിരുന്നു മമ്മി സീരീസുകളെത്തിയത്. സാഹസികതയും തമാശകളും നിറഞ്ഞ സിനിമകളിലൂടെ നമുക്ക് പരിചിത മുഖമായി ആ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍. പറയാന്‍ ദി മമ്മിയെ കൂടാതെ ജോർജ് ഓഫ് ദി ജംഗിളും ഇൻക് ഹാർട്ടുമെല്ലാം ഉണ്ട്. പക്ഷെ പതിയെ നമ്മുടെ ഓര്‍മകളില്‍ നിന്നും ഹോളിവുഡ് കാഴ്ചയില്‍ നിന്നും ബ്രണ്ടന്‍ മറഞ്ഞു. ഒടുവില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ആ ഫോട്ടോ എത്തി. ഭയപ്പെടുത്തും വിധം ശരീരഭാരത്തോടെയാണെങ്കിലും ആ മുഖം സിനിമാ ലോകം തിരിച്ചറിഞ്ഞു...ബ്രണ്ടന്‍ ഫ്രേസര്‍...

ഒരു ദശകം മുന്‍പ് ഹോളിവുഡ് എ ലിസ്റ്റില്‍ നിന്ന് ബ്രണ്ടന്‍ ഫ്രേസര്‍ എന്ന പേര് വെട്ടപ്പെട്ടതാണ്. എന്നാല്‍ കാലങ്ങളായി ഒരു ഏകാന്ത തടവില്‍ എന്നത് പോലെ കഴിഞ്ഞു കൂടുന്ന ചാര്‍ളിയായെത്തി ബ്രണ്ടന്‍ സിനിമാ ലോകം വീണ്ടും കീഴടക്കി. വേർപാടുകളില്‍ നീറിയും ഒറ്റപെടിലിന്റെ നിരാശയില്‍ അഭിരമിച്ചും നിമിഷങ്ങളെണ്ണവെ ആ സോഫയില്‍ നമ്മളേയും ബ്രണ്ടന്‍ കുരുക്കിയിട്ടു. മരണം തൊടാന്‍ വാരിവലിച്ച് തിന്ന്, നഷ്ടപ്പെട്ട് പോയ പലതും തിരികെയെത്തുന്നതിന്റെ മാനസിക സമ്മര്‍ദങ്ങള്‍ വരച്ചിട്ട് മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കുകയാണ് ബ്രണ്ടന്‍...

2012ലെ നാടകങ്ങളിലൊന്നിലൂന്നി സിനിമയെടുക്കാന്‍ ഡാരന്‍ അരൊനോഫ്സ്കി തീരുമാനിച്ചിട്ടും ചാര്‍ലിയാവാന്‍ ആരെന്ന ചോദ്യം അദ്ദേഹത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ നിന്നു. 10 വര്‍ഷത്തിന് ശേഷമാണ് ബ്രണ്ടനിലേക്ക് സംവിധായകന്‍ എത്തിയത്. ആ തീരുമാനം തെറ്റിയതുമില്ല. കാമുകന്റെ മരണത്തില്‍ നീറെ, മകളെ ചേര്‍ത്തുപിടിക്കാന്‍ കൊതിച്ച് ഫ്ലാറ്റില്‍ ശ്വാസം മുട്ടി ജീവിതം തള്ളി നീക്കുന്ന ചാര്‍ലിയായി മാറുന്നതില്‍ ബ്രെണ്ടന് അണുവിട തെറ്റിയില്ല. 

ആരോഗ്യ പ്രശ്നങ്ങളിലും കുടുംബ പ്രശ്നങ്ങളിലും കുടുങ്ങി, ലൈംഗീക ആരോപണങ്ങള്‍ നേരിട്ട് പിന്‍വലിഞ്ഞ് നിന്ന ബ്രണ്ടന്‍ 2021ല്‍ സ്പില്‍ബര്‍ഗിന്റെ നോ സഡനില്‍ എത്തിയാണ് വീണ്ടും ശ്രദ്ധ പിടിക്കുന്നത്...ഒടുവില്‍ ഏറ്റവും മികച്ച നടനുള്ള ഓസ്കറും നേടി തിരിച്ചുവരവ് ബ്രണ്ടന്‍ ആഘോഷമാക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE