ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കര്‍ നേടി ഏഡ്രിയന്‍ ബ്രോഡി. മികച്ച സിനിമ ഉള്‍പ്പടെ അഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ 97ാമത് ഓസ്കറില്‍ തിളങ്ങി. അനോറയിലെ നായിക 25കാരി മൈക്കി മാഡിസനാണ് മികച്ച നടി. ‘ഐ ആം സ്റ്റില്‍ ഹിയറി’ലൂടെ ബ്രസീലിലേക്ക് ആദ്യമായി മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള ഓസ്കര്‍ എത്തി . 13 നാമനിര്‍ദേശങ്ങളുമായെത്തിയ എമിലിയ പെരസ് രണ്ട് പുരസ്കാരങ്ങളില്‍ ഒതുങ്ങി
പിയാനിസ്റ്റിലൂടെ 29ാം വയസില്‍ ആദ്യ ഓസ്കര്‍ നേടി ചരിത്രമെഴുതിയ ഏഡ്രിയാന്‍ ബ്രോഡിക്ക് ബ്രൂട്ടലിസ്റ്റിലൂടെ 51ാം വയസില്‍ രണ്ടാം ഓസ്കര്‍. അഭിയനത്തിന്റെ പരമോന്നത പുരസ്കാരം നേടിത്തന്ന രണ്ട് കഥാപാത്രങ്ങളും ജൂത വംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്കെത്തുന്ന അഭയാര്‍ഥികളെന്നതും കൗതുകം. സംഗീതം, ക്യാമറ പുരസ്കാരങ്ങളും ബ്രൂട്ടലിസ്റ്റിന്. ആറ് നാമനിര്‍ദേങ്ങളുമായെത്തി അഞ്ച് ഓസ്കറുമായി മടങ്ങി അനോറ.
മൈക്കി മാഡിസന്‍ മികച്ച നടിയായപ്പോള്‍, ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായി. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് പുരസ്കാരങ്ങളും ലൈംഗിക തൊഴിലാളിയായ അനിയുടെ കഥപറഞ്ഞ അനോറയ്ക്ക്. ഹോം എലോണിലൂടെ 8ാം വയസില്‍ ബാലതാരമായെത്തിയ കീറന്‍ കള്‍ക്കിന് 42ാം വയസില്‍ ആദ്യ ഓസ്കര്‍ സമ്മാനിച്ചത് എ റിയല്‍ പെയിന്‍.
എമിലിയ പെരസിലൂടെ സോയി സല്‍ദാന്യ മികച്ച സഹനടിയായി. മാര്‍പാപ്പ തിരഞ്ഞെടുപ്പിന്റെ കഥപറഞ്ഞ കോണ്‍ക്ലേവിന് അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കര്‍. സൈനിക ഭരണകാലത്ത് കാണാതായ അക്റ്റിവിസ്റ്റ് റൂബെന്‍ പൈവയുടെ യാഥാര്‍ഥ ജീവിതകഥയാണ് ബ്രസീലിലേക്ക് ഓസ്കറെത്തിച്ചത്. വിക്കഡ്, ഡ്യൂന്‍ 2 സിനിമകളും സാങ്കേതിക വിഭാഗത്തിലെ രണ്ടുവീതം പുരസ്കാരങ്ങള്‍ നേടി.