ഒരുദിനം ഫോൺ പരസ്പരം കൈമാറാമോ കമിതാക്കളേ?; 60 കോടിയും കടന്ന് ‘ലവ് ടുഡേ’

‘പ്രണയം വേണമെന്ന് തേടി നടപ്പോൾ കിട്ടിയില്ല. പ്രണയമേ വേണ്ടെന്ന് വച്ചപ്പോൾ അത് തോളിൽ തട്ടി വിളിച്ചു. പ്രണയം എന്താണെന്ന് അറിയാതെ  മരിച്ചുപോകുന്നതിലും നല്ലത്, അത് എന്താണെന്ന് അറിഞ്ഞിട്ട് തോറ്റുപോകുന്നതല്ലേ.. ഗുഡ്ബൈ....’ .ഇന്നും വിജയ് ആരാധകരുടെ നെഞ്ചിൽ കുടികൊള്ളും ഡയലോഗാണിത്. 1997ൽ പുറത്തിറങ്ങിയ വിജയ് ചിത്രം ലൗ ടുഡേയിലെ ഡയലോഗ്. പതിറ്റാണ്ടിനിപ്പുറം ലൗ ടുഡേ എന്ന അതേ പേരിലിറങ്ങിയ ഒരു സിനിമ തെന്നിന്ത്യ മുഴുവൻ ഇളക്കി മറിക്കുന്നു.

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്, ട്വിറ്റർ എന്നുവേണ്ട സൈബർ ഇടത്തെല്ലാം ഒരു ഏയ്യ് കണ്ണുക്കുട്ടിയും സൊല്ലുങ്കേ മാമക്കുട്ടിയും തരംഗമാകുന്നു. പ്രണയിക്കുന്നവരും പ്രണയിച്ച് തോറ്റുപോയവരും പ്രണയത്താല്‍ വഞ്ചിക്കപ്പെട്ടവരും ഉള്ളിലേറ്റുന്നു ഈ സിനിമയെ. സൗന്ദര്യമോ പണമോ സൗകര്യങ്ങളോ പ്രണയത്തിന് തടസ്സമല്ലെന്ന് പറയുന്നവരും ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യർ ഉണ്ടാവില്ലെന്ന് പറയുന്നവരും ഈ സിനിമ കണ്ട് രസിക്കുമെന്നും ഉറപ്പ്. അങ്ങനെ ഈ കാലഘട്ടത്തിന്റെ പ്രണയം പലനിറത്തിൽ പല ഭാവത്തിൽ പല ഗന്ധത്തിൽ നിറയുന്നു ഈ ചിത്രത്തില്‍. തെന്നിന്ത്യൻ യുവജനത അടിമുടി ഏറ്റെടുത്തു കഴിഞ്ഞു ഈ ചെറിയ വലിയ സിനിമയെ. വെറും അ‍ഞ്ചുകോടി ബജറ്റിൽ എടുത്ത ചിത്രം ഇപ്പോൾ 60 കോടിയും കടന്ന് കുതിക്കുന്നു എന്നതിനപ്പുറം വിജയത്തിന് മറ്റൊരു തെളിവ് വേണോ?

ജയം രവി നായകനായ ‘കോമാളി’യുടെ സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് ‘ലവ് ടുഡേ’. നവംബര്‍ നാലിന് തിയറ്ററിൽ എത്തിയ ചിത്രത്തിൽ നായകനായതും 29കാരനായ പ്രദീപ് തന്നെയാണ്.  വിജയ് നായകനായെത്തിയ ‘ബിഗിൽ’ എന്ന ചിത്രം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ‘എജിഎസ്’ എന്റർടെയ്ൻമെന്റാണ് ‘ലവ് ടുഡേ’ നിർമിച്ചിരിക്കുന്നത്. വലിയ താരനിരയൊന്നും ഒരു നല്ല സിനിമ വിജയിക്കാൻ വേണ്ടെന്ന് ഈ ‘ഇന്നത്തെ പ്രണയം’ തെളിയിക്കുന്നു. പ്രദീപ് രംഗനാഥനും ഇവാനയും നായകനും നായികയുമായി എത്തിയ സിനിമയിൽ സത്യരാജും രാധിക ശരത്കുമാറും യോഗി ബാബുവുമാണ് മറ്റ് മുഖ്യതാരങ്ങൾ. 

‘കണ്ണേ.. നിന്നെ പറ്റി എനിക്ക് എല്ലാം അറിയാം. ഞാൻ അറിയാത്തത് ഒന്നും നിന്റെ ജീവിതത്തിലില്ലെന്ന്.. എനിക്ക് അത്ര വിശ്വാസമാണ്.. ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു.. നിന്നോട് അത്രമാത്രം ലോയലാണ് ഞാൻ... ഞാനും അങ്ങനെ തന്നെയല്ലേ ബേബി..’ അന്നും ഇന്നും കമിതാക്കളുടെ, അവരുടെ പ്രണയത്തിന്റെ മുഖപ്രസംഗം ഇതാണ്. എന്നാൽ ഇവിടെ കഥയുടെ തുടക്കം അങ്ങനെ പോകുമ്പോൾ നമ്മളും കരുതും ആഹാ ഇങ്ങനെ പ്രണയിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അപ്പോഴാണ് ആ മഹാ ട്വിസ്റ്റ്. പിന്നെ സിനിമയിൽ നിറയുന്നത് നമുക്ക് ചുറ്റം ഒരുപാട് നിറഞ്ഞിട്ടുള്ള പല പ്രണയകഥകളുടെ നേർചിത്രം. 

നായികയുടെയും നായകന്റേയും പ്രണയത്തില്‍, വിവാഹത്തിന് സമ്മതിക്കണമെങ്കില്‍  താൻ പറയുന്ന നിബന്ധന അംഗീകരിക്കണമെന്ന് നായികയുടെ അച്ഛൻ പറയുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. ഒരു ദിവസത്തേക്ക് രണ്ടു പേരും തങ്ങളുടെ മൊബൈൽ ഫോൺ പരസ്പരം കൈമാറണം. അതിനു ശേഷവും അവരുടെ ബന്ധം പഴയതുപോലെ മുന്നോട്ടു പോകുകയാണെങ്കിൽ വിവാഹത്തിനു സമ്മതിക്കാം. എത്ര മനോഹരമായ ആചാരം എന്ന് സിനിമ കാണുന്നവർ നെഞ്ചിൽ കൈവച്ച് പറഞ്ഞുപോകും.അങ്ങനെ മൊബൈൽ കൈമാറുന്നതോടെ ഇന്നത്തെ പ്രണയം തുടങ്ങുകയാണ്.അതോടെ ഒരു മനുഷ്യൻ പുറത്തുകാണിക്കാത്ത അവന്റെ സ്വകാര്യതകളുടെ ഘോഷയാത്രകള്‍ തുടങ്ങുന്നു. അതങ്ങനെ അങ്ങേതലയ്ക്കലും ഇങ്ങേതലയ്ക്കലും െതാട്ടും തലോടിയും നോവിച്ചും കൊഞ്ചിച്ചും വഞ്ചിച്ചും കരഞ്ഞും കടന്നുപോകുന്നു. ആയിരം െകാല്ലം കൂടെ നടന്നാലും മനസ്സിലാകാത്ത ഒന്നാണ് രണ്ടു മനുഷ്യരെന്ന് പടം അടിവരയിടുന്നു. ഒടുവിൽ യോഗി ബാബുവിന്റെ കഥാപാത്രത്തിന് കിട്ടുന്ന കുറച്ച് മിനിറ്റിൽ പ്രണയത്തിന്റെ ബന്ധങ്ങളുടെ ആഴത്തിന്റെ പരിഹാസങ്ങളുടെ വേദന  വരച്ചിട്ട് കണ്ണുനിറയിച്ച് കയ്യടിക്കാൻ പ്രേരിപ്പിക്കുന്നു സിനിമ.

തമിഴിലെ രജനിയും വിജയിയും അടക്കമുള്ള മുൻനിര താരങ്ങൾ അടക്കം സിനിമ കണ്ട്  പ്രദീപ് രംഗനാഥനെ നേരിട്ട് അഭിനന്ദിക്കുന്നു. നല്ല സിനിമയ്ക്ക് അന്നും ഇന്നും ആളുണ്ടെന്ന് പ്രദീപ് തെളിയിക്കുന്നു. കോടികൾ വാരുന്നതിെനാപ്പം പലഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തുന്നു. കാരണം സിനിമയുടെ പേര് തന്നെ ലൗ ടുഡേ അത് എല്ലാ ഭാഷയിലും ഒന്നാണല്ലോ. ഉദയനിധിയുടെ ‘റെഡ് ജയന്റ്’ മൂവീസാണ് 'ലവ് ടുഡേ' റിലീസിനെത്തിച്ചത്. 

വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ, ട്വിറ്റർ, ട്വിന്റർ, ടെലിഗ്രാമ്, ഹൈക്ക്, മെസേഞ്ചർ, ജി–മെയിൽ, ജി–പെ, പേടിഎം, എസ്എംഎസ്, സ്നാപ്പ് ചാറ്റ്, ടൺടണ്ണ് അങ്ങനെ എല്ലാ ആപ്പും ഫോണിലുണ്ട്. ഇതിൽ ഒരു ആപ്പ് പരിശോധിക്കാൻ പോലും ഒരു ദിവസം തികയില്ല.. അതേ, അതാണ് ഈ കുഞ്ഞുചിത്രം. ആപ്പുകളുടെ ഈ ലോകത്ത് നായികയുടെ അച്ഛൻ വച്ച ആപ്പാണ് ലൗ ടുഡേ. പരസ്പരമുള്ള സ്വകാര്യതയിലേക്ക് കയറിച്ചെല്ലാതിരുന്നാൽ എല്ലാ ബന്ധങ്ങളും മനോഹരമായിരിക്കും. അതല്ലെങ്കിൽ പോകുന്ന ഒന്നാണ് മനസ്സമാധാനം. അതുപോയ ഒരു നായികയും നായകനും ലൗ ടുഡേയിൽ നമുക്ക്  മുന്നിൽ നിറയുന്നു. തേപ്പെന്ന വാക്കും മൂവ് ഓണെന്ന പുതിയ വാക്കും നിറയുന്ന കാലത്തെ രസികന്‍ കഥാവഴികളില്‍ വരച്ചിടുന്നുണ്ട് സിനിമ. ഒപ്പം സിനിമ കണ്ടുകഴിയുമ്പോള്‍ ഓരോരുത്തരും സ്വന്തം ഫോണിലേക്കും ഉള്ളിലേക്കും അറിയാതെയെങ്കിലും ഒന്ന് നോക്കിപ്പോകും. അവിടെ ഈ സിനിമ ഇന്നത്തെ പ്രണയവും ജീവിതവുമാകുന്നു.