ഒടുവിൽ സുരേഷ് ഗോപിയെ നേരിൽ കണ്ടു; രസകരമായ ആ അനുഭവം പങ്കിട്ട് ശ്രുതി

ജീവിതത്തിൽ ചില ആഗ്രഹങ്ങൾ അപ്രതീക്ഷിതമായി സാധിക്കുമ്പോൾ അതിലുണ്ടാകുന്ന ആനന്ദം അളവറ്റതായിരിക്കും. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ശ്രുതി. സുരേഷ് ഗോപിയെ നേരിൽ കാണാൻ സാധിച്ചതിന്റെ രസകരമായ അനുഭവമാണ് ശ്രുതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്്ക്കുന്നത്. ഒരു എഫ്ബി പോസ്റ്റ് തന്ന സർപ്രൈസ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ്

ശ്രുതിയുടെ കുറിപ്പ് വായിക്കാം

ഒരു fb പോസ്റ്റ്‌ തന്ന സർപ്രയ്‌സ് 

"ഒരിക്കലെങ്കിലും ആ വാത്സല്യം നേരിൽ കാണണമെന്ന് തോന്നിപ്പിച്ച മനുഷ്യൻ" എന്നൊരു fb പോസ്റ്റ്‌ ഇട്ട് ഒരു മാസം തികയും മുൻപേ സുരേഷ്‌ഗോപിയെന്ന മനുഷ്യനെ കാണാൻ സാധിച്ചിരിക്കുന്നു   

ജൂലൈ 25നാണ് മനോരമ ഓൺലൈനിലെ സുരേഷ് ഗോപിയുടെ ഒരു അഭിമുഖം കണ്ട് പഴേ ഒരു ഓർമ പങ്ക്  വെച്ചൊരു കുറിപ്പ് ഇടുന്നത്. മനോരമക്കാർ അതൊരു human interest സ്റ്റോറിയും ആക്കി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മറ്റ് പല മലയാളം-ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളിലും ആ വാർത്ത വന്നിരുന്നത് പലരും അയച്ച് തന്ന് അറിഞ്ഞു. തമാശയായും കളിയാക്കിയും ഇനി ഇത് സുരേഷ്‌ഗോപി കണ്ടിട്ട് ശ്രുതിയെ കാണാൻ വരുമോ എന്നൊക്കെ പലരും ചോദിച്ചു. നമ്മൾ സാധാരണക്കാരുടെ ഒരു കുഞ്ഞി പോസ്റ്റ്‌ സെലിബ്രിറ്റികൾ ഇപ്പൊ കണ്ടത് തന്നെ എന്നും കരുതി. 

ഇന്ന് സേവ് ഗുരുവായൂർ മിഷന്റെ പ്രോഗ്രാമിന് ഗുരുവായൂർ എത്തിയ സുരേഷ് ഗോപിക്ക് അതിന്റെ സംഘാടകർ ആ വൈറൽ കുറിപ്പ് കാണിച്ച് ഈ ആൾ ഇവിടെ അടുത്താണ് എന്ന് പറഞ്ഞപ്പോൾ കാണണം എന്ന് പറഞ്ഞെന്ന്. അതിന്റെ സംഘാടകൻ ആയ അജു ഇന്നലെ വിളിച്ച് ഈ പോസ്റ്റ്‌ അവർ കാണിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അതിൽ സന്തോഷവും തോന്നി. പക്ഷേ, ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് വിളിച്ച് സുരേഷ്‌ഗോപി കാണണമെന്ന് പറഞ്ഞെന്ന് പറഞ്ഞപ്പോൾ പറ്റിക്കാനാകുമെന്നാണ് മനസ് പറഞ്ഞത്. രണ്ട് വട്ടം ഒന്നാലോചിച്ചു. സത്യം പറഞ്ഞാൽ അവിടെ ചെന്ന് കാണുന്ന നിമിഷം വരെ ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു.

എന്നാൽ കണ്ട ഉടനെ അദ്ദേഹം പറഞ്ഞത് ഒരാഴ്ച മുൻപ് തന്നെ ആ വാർത്ത കണ്ടിരുന്നു എന്നാണ്. കുറച്ചു നേരം ഒന്നിച്ചിരിക്കാനും സംസാരിക്കാനും സാധിച്ചതിൽ വലിയ സന്തോഷം. മനോരമ ഓൺലൈനിന് ഒരു ഗമണ്ടൻ നന്ദിയും അറിയിക്കുകയാണ്.