‘വിവാഹമോചന ശേഷം ഏറെ മാറി; പുതിയ മനുഷ്യനായി’; വെളിപ്പെടുത്തി നാഗചൈതന്യ

തെലുങ്ക് നടൻ നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ള വിവാഹം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ ആരാധകരുടെ ക്യൂട്ട് കപ്പിള്‍സ് വേർപിരിഞ്ഞു. വിവാഹമോചനത്തിനു ശേഷം ഇതിനെക്കുറിച്ച് അധികം പ്രതികരണങ്ങൾ ഇരുവരും നടത്തിയിരുന്നില്ല. എന്നാൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സാമന്ത ചില തുറന്നുപറച്ചിലുകൾ നടത്തി. ഇപ്പോഴിതാ സാമന്തയുമായുള്ള വേർപിരിയലിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ചടക്കം തുറന്നുപറഞ്ഞിരിക്കുകയാണ് നാഗചൈതന്യയും.

താരത്തിന്റെ പുതിയ ചിത്രമായ താങ്ക്യൂവിന്റെ പ്രൊമോഷനിടെയാണ് നാഗചൈതന്യയുടെ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം വ്യക്തിയെന്ന നിലയിൽ താൻ ഏറെ മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ‘നേരത്തേ അധികം തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ അതിന് സാധിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഏറെ അടുപ്പം പുലർത്താൻ സാധിക്കുന്നുണ്ട്. പുതിയൊരു മനുഷ്യനായപോലെ സ്വയം തോന്നുന്നുണ്ട്’- എന്നാണ് നാഗചൈതന്യ പറഞ്ഞത്.

വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ സംഭവം വളരെ കഠിനമായിരുന്നെന്നും ഇപ്പോൾ എല്ലാം ശരിയായെന്നുമായിരുന്നു സാമന്ത നേരത്തെ പറഞ്ഞത്. താൻ കൂടിതൽ ശക്തയായതായി തോന്നുന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു.

2021 ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹശേഷം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേർത്തിരുന്നു. ഇടക്കാലത്ത് ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായി. ഇതിനു പിന്നാലെയായിരുന്നു ഇരുവരും ഔദ്യോഗികമായി വേർപ്പിരിയൽ പ്രഖ്യാപിച്ചത്.