‘കടുവ’ രണ്ടില്‍ മമ്മൂട്ടിയെന്ന് കള്ള പ്രചാരണം; പ്രചരിക്കുന്നത് വ്യാജചിത്രം

മമ്മൂട്ടിയെ നായകനാക്കി കടുവയുടെ രണ്ടാംഭാഗം വരുന്നുവെന്ന തരത്തിലുള്ള പ്രചരണം വ്യാജമെന്ന് റിപ്പോര്‍ട്ട്. കടുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും സൂചനകള്‍ നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാകുന്നേൽ കുര്യച്ചന്റെ അച്ഛന്റെ വേഷത്തില്‍ മമ്മൂട്ടിയെ നായകനാക്കിയ ചിത്രം വരുന്നു എന്ന പ്രചരണം നടന്നത്. മമ്മൂട്ടിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വച്ച് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. 

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വ്യാജമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. മമ്മൂട്ടി ഇങ്ങനെയൊരു ചിത്രത്തിന് ഡേറ്റ് കൊടുത്തിട്ടില്ലെന്ന് വിശദീകരിച്ച് ഫാന്‍സ് പേജുകളും സജീവമായി. ഏതായാലും ഇത്തരം സിനിമയുടെ ചര്‍ച്ച പോലും നടക്കാത്ത സാഹചര്യത്തിലാണ് ഒരു വിഭാഗം വ്യാജപ്രചാരണവുമായി ഇറങ്ങിയത്. കടുവ സിനിമയില്‍ മമ്മൂട്ടിയുടെ ഛായയുള്ള ചിത്രം അണിയറക്കാര്‍ ഉപയോഗിച്ചതും വ്യാജപ്രചാരണത്തിന് ആക്കം കൂട്ടി.