ജാതിബോധം ഉള്ളവര്‍ക്ക് പുഴു പൊള്ളും; മമ്മൂട്ടിയും പാര്‍വതിയും ഒപ്പം നിന്നു; അപ്പുണ്ണി ശശി

പൊള്ളിപ്പിടിക്കുന്ന കാഴ്ചാനുഭവമായി 'പുഴു' എന്ന ചിത്രം മാറുമ്പോള്‍ ഏറെ കയ്യടി നേടുന്നത് ബി. കെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശി കൂടിയാണ്. തിക‍ഞ്ഞ കൈയ്യടക്കത്തോടെ, അനായാസേനെയുള്ള അഭിനയമാണ് ചിത്രത്തിലുടനീളം അദ്ദേഹം പ്രകടിപ്പിക്കുന്നത്. പാലേരി മാണിക്യം മുതല്‍ എണ്‍പത്തിയാറിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും പുഴുവിലെ കുട്ടപ്പന്‍ തന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത കഥാപാത്രമാണെന്ന് അപ്പുണ്ണി ശശി പറയുന്നു. 

നിലയ്ക്കാത്ത അഭിനന്ദനമാണ്. നിറഞ്ഞ സന്തോഷം...

പുഴു സോണിലിവില്‍ വന്ന് ആളുകള്‍ കണ്ട് തുടങ്ങിയത് മുതല്‍ മികച്ച അഭിപ്രായമാണ്. കഴിഞ്‍ ദിവസം രാത്രി ഒന്നേമുക്കാലിന് ചാര്‍ജ് തീര്‍ന്ന് ഓഫാകുന്നത് വരെ ആളുകള്‍ വിളിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ കഥാപാത്രത്തിന് ശേഷം എനിക്ക് ഇതാദ്യമായാണ് പ്രേക്ഷകരുടെ ഇത്രയധികം വിളിയും നല്ലവാക്കും അഭിനന്ദനങ്ങളും ലഭിക്കുന്നത്. 

സിനിമയില്‍ പരാമര്‍ശിച്ചില്ലെങ്കിലും ബി.കെ. കുട്ടപ്പന്‍ എന്ന നാട്ടുകാരുടെ കുട്ടപ്പേട്ടന്‍ കോളജ് പ്രഫസറാണ്. ഉയര്‍ന്ന വിദ്യഭ്യാസവും ജീവിതത്തെ കുറിച്ച് വലിയ കാഴ്ചപ്പാടുമുള്ളയാളാണ്. സ്വന്തമായി നാടകമുണ്ടാക്കി അവതരിപ്പിക്കാനും അതിന് പുരസ്കാരം വാങ്ങാനുമെല്ലാം ഭാഗ്യം സിദ്ധിച്ച  നല്ല നിലയില്‍ എത്തിയെന്നതില്‍ അഭിമാനത്തോടെയാണ് അയാള്‍ ജീവിക്കുന്നത്. എല്ലാത്തിനെയും വളരെ കൂളായി കാണുന്ന ആളാണ് കുട്ടപ്പനെന്ന കഥാപാത്രം. അത് മനോഹരമാക്കിയെന്ന് ആളുകള്‍ പറയുമ്പോള്‍ നിറഞ്ഞ സന്തോഷമുണ്ട്. 

മമ്മൂക്ക എന്‍റെ നാടകമൊക്കെ കണ്ടിട്ടുണ്ട് 

മമ്മൂട്ടിച്ചിത്രത്തിലെ ഭാഗമാകാന്‍ കഴിഞ്ഞത് സന്തോഷകരമായ കാര്യമാണ്. പാലേരി മാണിക്യം മുതല്‍ മമ്മൂക്കയെ അറിയാം. ഒരു അഭിനേതാവിന്‍റെ കയ്യില്‍ ഒരു തരി കലാംശം ഉണ്ടെന്ന് കണ്ടാല്‍ അതിനെ പരമാവധി മിനുക്കിയെടുക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്കെയന്ന് എന്‍റെ അനുഭവത്തില്‍ നിന്ന് തോന്നിയിട്ടുണ്ട്. ഒറ്റയ്ക്ക് കളിച്ച നാടകം വരെ അദ്ദേഹം കണ്ടു, അഭിനന്ദിച്ചു. അതൊക്കെ അദ്ദേഹത്തെ പോലെ ഒരാള്‍ പറയുന്നത് തന്നെ വലിയ അംഗീകാരമാണ്. ഒരു കുട്ടിയപ്പോലെ ഇന്നും അഭിനയത്തെ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന മനുഷ്യനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒപ്പം അഭിനയിക്കാനും സിനിമയിലുടനീളം സഹകരിക്കാനും അദ്ദേഹം കാണിച്ചത് വലിയ മനസാണ്. 

പാര്‍വതിയോട് സ്നേഹാദരം

പാര്‍വതിയും മമ്മൂക്കയും സിനിമയിലുടനീളം എന്നോട് സഹകരിച്ചുവെന്നാതാണ് ഏറെ സന്തോഷമുണ്ടാക്കുന്നത്. ഒപ്പം അഭിനയിക്കാന്‍ അവര്‍ രണ്ടുപേരും പ്രത്യേകിച്ച് പാര്‍വതി കാണിച്ച മനസിന് ഞാനവരെ നമിക്കുന്നു. എന്‍റെ രൂപം, എന്‍റെ സിനിമയിലെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി. സിനിമയില്‍ എനിക്കെന്ത് വാല്യൂവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അത്രയും  വാല്യൂ ഇല്ലാത്തൊരാളുടെ ജോഡിയായി അഭിനയിക്കാന്‍ തയ്യാറായതിന് പാര്‍വതിയോടെനിക്ക് സ്നേഹ ബഹുമാനങ്ങളുണ്ട്. മമ്മൂക്കയും പാര്‍വതിയും ആ വേഷങ്ങള്‍ ചെയ്യുമെന്ന ധൈര്യം സംവിധായകനും തിരക്കഥാകൃത്തുക്കളായ ഹര്‍ഷാദ്ക്കയ്ക്കും ഷറഫുനും സുഹാസിനും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ നാടകത്തില്‍ നിന്ന് വരുന്നയാളാണ്. അത് നന്നായി പെര്‍ഫോം ചെയ്യുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ സിനിമയില്‍ എന്ത് കാണിക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ.  ആ ആശങ്ക എല്ലാവരുടെയും  പിന്തുണയും സഹായവും കൊണ്ട് നീങ്ങിക്കിട്ടി. അത്രയും നല്ല പെരുമാറ്റമായിരുന്നു മുഴുവന്‍ ടീമിന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായത്. 

'പുഴു' അടിമുടി രാഷ്ട്രീയ സിനിമയാണ്

'പുഴു' ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും. 

എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം

മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ‍ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്. ‍ഇന്ന് വരെ ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രവും. അതില്‍ അവസാന ഭാഗം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഷോക്കിങ് ആയിരുന്നു ആ ആനുഭവമെന്ന് സിനിമ കണ്ടശേഷം പലരും പറ‍ഞ്ഞിരുന്നു. 'മനുഷ്യന്‍ പോയി റോബോട്ടിന്‍റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഫാന്‍സി ഡ്രസ് കളിച്ചുകൊണ്ടിരിക്കു'മെന്ന ഡയലോഗില്‍ ആ സിനിമയുടെ കാതലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ സുമതിടീച്ചറുടെ കഥ പറയുന്ന ഭാഗവും. കറതീര്‍ത്ത് കണ്ണിങായി എഴുതിയതാണ് സിനിമയിലെ സംഭാഷണങ്ങളെല്ലാം. 

'നാടകം കളിക്കുന്ന ഒരാളുടെ സിനിമ വരും' 

നാടകമാണ് സിനിമയിലേക്ക് എന്നെ എത്തിച്ചത്. സിനിമയിലെ എന്‍റെ ഗുരു രഞ്ജിത്ത് സാറാണ്. നാടക ലോകത്ത് പോഷിപ്പിക്കുകയും  കൈപിടിച്ച് നടത്തുകയും ചെയ്തത് ജയപ്രകാശ് കുളൂരാണ്. 'തെരഞ്ഞെടുപ്പ്' എന്ന നാടകം കണ്ട് പത്ത്  വര്‍ഷം മുമ്പേ ഹര്‍ഷാദ്ക്കാ പറഞ്ഞിട്ടുണ്ടായിരുന്നു 'നാടകം കളിക്കുന്ന ഒരാളുടെ ജീവിതം സിനിമയില്‍ വരൂട്ടോ, നിങ്ങളാവും അതില്‍ അഭിനയിക്കുക'യെന്ന്. അതൊരു തമാശ പറഞ്ഞ് പോയാതാണെന്നാണ് ഞാന്‍ അന്ന് കരുതിയത്. പക്ഷേ അത് സത്യമായി! ഹര്‍ഷാദ്ക്കാ എന്നോട് , 'പണ്ട് ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടോ' എന്ന് ചോദിച്ചു. ചക്കരപ്പന്തലില്‍ ഒരു കഥാപാത്രം നാല് േവഷങ്ങള്‍ ചെയ്യുന്നത് ഹര്‍ഷാദ്ക്കാ കണ്ടിട്ടുണ്ട്. അതും ഈ സിനിമയിലേക്കുള്ള വഴി തുറക്കാന്‍ കാരണമായി . നാടകവും സിനിമയും അറിയുന്ന ഒരാളെയായിരുന്നു ഈ വേഷത്തിലേക്ക് വേണ്ടത്. ഹര്‍ഷാദ്ക്ക റോള്‍ തന്നു, സംവിധായിക റത്തീന അതിന് വേണ്ട അനുവാദം നല്‍കി. വലിയ സന്തോഷമുണ്ട്. നാടകത്തിന്‍റെ കഥ തന്നെയാണ് ഈ സിനിമ എന്ന് പറയുന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏക സിനിമ ഒരു പക്ഷേ പുഴുവായിരിക്കും. സിനിമയുടെ രസച്ചരട് മുറിച്ചുകളയാതെ നാടകം ഇതില്‍ ഇഴചേര്‍ത്തത് സംവിധായികയുടെ കഴിവാണെന്ന് പറയേണ്ടിയിരിക്കുന്നു. 

സിനിമ തേടി വരും 

സിനിമയ്ക്ക് ആവശ്യമുണ്ടെങ്കില്‍ സിനിമ നിങ്ങളെ തേടി വരും. അവസരം തേടി പോകുമ്പോള്‍ പല കോംപ്രമൈസുകള്‍ക്കും തയ്യാറാകേണ്ടി വരും. ‍ഞാന്‍ രഞ്ജിത്ത് സാറിന്‍റെ സ്വന്തം ആര്‍ട്ടിസ്റ്റായി വന്നതുകൊണ്ട്, നല്ല വേഷത്തിലൂടെ വന്നത് കൊണ്ട്  വലിയ ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.