9 ദിവസം, 17 കോടി; ‘വ്യാജപ്രചാരണം’ ഏശിയില്ല; വിദേശ മാര്‍ക്കറ്റുകളിലും കുതിപ്പ്

വ്യാജപ്രചാരണങ്ങൾക്കു ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല, സിബിഐ 5 ദ് ബ്രെയിന്‍ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടം. വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. റിലീസ് ചെയ്ത ദിനങ്ങളിൽ 17 കോടി രൂപയാണ് വിദേശമാർക്കറ്റിൽ നിന്നും മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച പ്രകടനമാണിത്. 

സിബിഐ അഞ്ചാം ഭാഗത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നെന്നും അത് ഒരു പരിധി വരെ നടന്നെന്നും സംവിധായകന്‍ കെ മധു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, അഭിനേതാക്കളായ സായ്കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സിബിഐ അഞ്ചാം ഭാഗത്തെ തകര്‍ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് തിരക്കഥാകൃത്ത് എസ്‍.എൻ. സ്വാമി‌യും പറഞ്ഞിരുന്നു. രാവിലെ എട്ടരയ്ക്ക് റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള മോശം നിരൂപണ വിഡിയോ ഒൻപത് മണിയോടെ കാണാൻ ഇടയായെന്നും അദ്ദേഹം വെളിപ്പെടുത്തി.