സിബിഐ തോറ്റു; സേതുരാമയ്യർ ജയിച്ചു; ചോരയിൽ കുളിച്ച് പിടഞ്ഞ പീതാംബരൻ

ദുരൂഹ മരണങ്ങളുടെ നിഗൂഢതകൾ തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി സേതുരാമയ്യർ വീണ്ടും എത്തുന്നു. സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രം ‘സിബിഐ 5 : ദ് ബ്രെയ്ൻ’. മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത കൊലപാതക പരമ്പരകൾ, കുറ്റന്വേഷണത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്ന അയ്യരുടെ കൗശലം.. സംശയിക്കേണ്ട അഞ്ചാം വരവും ഗംഭീമാകും. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എത്തുമ്പോൾ കയ്യടി നേടുന്നത് സേതുരാമയ്യർ മാത്രമല്ല. വേറിട്ട ട്രാക്കിലൂടെ 

തിരക്കഥയെഴുതിയ എസ്. നാരായണസ്വാമി എന്ന എസ്.എൻ. സ്വാമി കൂടിയാണ്.

മലയാളികളുടെ മനസിൽനിന്ന് ഒരിക്കലും മായ്ക്കാനാവാത്ത സിബിഐ കഥകളുടെ ആദ്യ പേജുകൾ മറിക്കുന്നത് 1988 ലായിരുന്നു. മലയാളസിനിമയിൽ അതുവരെ കണ്ടുപരിചയിക്കാത്ത കുറ്റാന്വേഷണ രീതികളുമായി പുറത്തിറങ്ങി വൻവിജയമായി മാറിയ സിനിമയായിരുന്നു ഒരു സിബിഐ ഡയറിക്കുറുപ്പ് . ആക്ഷനും ഡയലോഗുകൾക്കും പ്രാധാന്യമില്ലാതെ ശാസ്ത്രീയ 

കുറ്റന്വേഷണത്തെ ആധാരമാക്കിയ സിനിമ. ഈ സിനിമയുടെ തിരക്കഥയ്ക്കാവശ്യമായ ത്രെഡ് എൻ.എൻ. സ്വാമിയ്ക്കു ലഭിക്കുന്നത് പോളക്കുളം കൊലക്കേസിൽ നിന്നായിരുന്നു. 

1983. ഏപ്രിൽ 23. എറണാകുളം ജില്ലയിലെ പോളക്കുളം എന്ന സ്ഥലത്തെ പതിനാലു നിലയുള്ള ടൂറിസ്റ്റ് ഹോം. സമയം പുലർച്ചെ അഞ്ചു മണി. ലോഡ്ജിലെ ജീവനക്കാരനായിരുന്ന പീതാംബരൻ മുകളിലത്തെ നിലയിൽ നിന്നും വീണ് മരിക്കുന്നു. ദിവസവും പുലർച്ചെ ലോഡ്ജിന്റെ ടാങ്കിൽ വെള്ളമടിച്ച് മോട്ടർ ഓഫ് ചെയ്യുന്നതിനായി പീതാംബരൻ പതിനാലാം നിലയുടെ മുകളിലെത്താറുണ്ട്. അപ്പോഴാണ് അപകടം നടക്കുന്നത്.  ശരീരത്തിന്റെ പിൻഭാഗം തറയിൽ ഇടിച്ച് ചിതറി. ലോഡ്ജിലെ ഒരു ജീവനക്കാരൻ, വാടകയ്ക്കു താമസിക്കുന്ന ഒരു പ്രൊബേഷനറി എസ്ഐ എന്നിവർ മാത്രമായിരുന്നു ആ സമയം ലോഡ്ജിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവർ ഓടിയെത്തി. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോൾ ‘അവർ എന്നെ കൊന്നു’ എന്നു മാത്രം പറഞ്ഞ് പീതാംബരൻ കണ്ണുകളടച്ചു. അബ്കാരി കോൺട്രാക്ടര്‍ പോളക്കുളം നാരായണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളായിരുന്നു ആ ലോഡ്ജ്. അപകടം നടക്കുമ്പോൾ ഇയാൾ ലോഡ്ജിൽ ഇല്ലായിരുന്നു. സ്വന്തം വീട്ടിലായിരുന്നു. എന്നാൽ നാരായണനാണ് കൊലപാതകിയെന്ന് പലരും പറഞ്ഞു പരത്തി. ശത്രുക്കൾ ഏറെയുണ്ടായിരുന്നു ഇയാൾക്ക്. 

കേസ് വിവാദമായി. ലോക്കൽ പൊലീസായിരുന്നു ആദ്യം അന്വേഷിച്ചത്. കാൽ വഴുതി വീണതെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കണ്ടെത്തൽ തൃപ്തികരമല്ലാത്തതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഇൻവെസ്റ്റിഗേഷനിൽ കഴിവ് തെളിയിച്ച എം.ബി. ബാലകൃഷ്ണൻ, എസ്പി. എസ്. കെ. വിശ്വംഭരൻ എന്നിവർക്കായിരുന്നു ചുമതല. ക്രൈംബ്രാഞ്ച് തലനാരിഴ കീറി അന്നു നടന്ന സംഭവങ്ങൾ പരിശോധിച്ചു. ഒടുവിൽ ആ നിഗമനത്തിലെത്തി. സംഭവം നടക്കുമ്പോൾ നാരായണൻ ലോഡ്ജിൽ ഇല്ലായിരുന്നു. സ്വന്തം വീട്ടിൽ തന്നെയായിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മരിച്ച പീതാംബരന്റെ വീട്ടിലുമെത്തി. അവരെ കാത്ത് ഒരു നിർണായക തെളിവ് അവിടെയുണ്ടായിരുന്നു. പീതാംബരന്റെ മേശ വലിപ്പിൽ ഒരു കുറിപ്പ്. ചാലക്കുടിയിലെ മാനസികരോഗവിദഗ്ധന്റെ കുറിപ്പടിയായിരുന്നു അത്. ഇയാൾ മരിച്ചോ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പീതാംബരന് ആത്മഹ്യ പ്രവണതയുണ്ടായിരുന്നതായും ഡോക്ടർ വെളിപ്പെടുത്തി. ഇതോടെ പീതാംബരൻ ഒരു മാനസിക രോഗി ആണെന്ന നിഗമനത്തിലെത്തി. അവർ എന്ന കൊന്നു എന്ന പീതാംബരന്റെ അവസാന വാക്കുകൾ അന്വേഷണ സംഘം സൂഷ്മമായി വിശകലനം ചെയ്തു. അവർ എന്നുദ്ദേശിച്ചത് സമൂഹത്തെയാകാം. സമൂഹം എന്നെ കൊന്നു എന്ന അർഥത്തിലായിരിക്കാം പീതാംബരൻ അങ്ങനെ പറഞ്ഞതെന്നും അന്വേഷണസംഘം ഊഹിച്ചു. ഇതോടെ പീതാംബരൻ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തി. 

ഒന്നും അവിടം കൊണ്ടവസാനിച്ചില്ല. മരണം കൊലപാതകമാണെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വീണ്ടും ആവശ്യമുയർന്നു. അവിടേയും നാരായണന്റെ ശത്രുക്കൾ കരുക്കൾ നീക്കി. 

മുറവിളികൾക്കൊടുവിൽ സിബിഐ അന്വേഷണത്തിനു ഉത്തരവായി. സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാധാ വിനോദ് രാജുവിനായിരുന്നു അന്വേഷണച്ചുമതല. അന്നു വരെ കണ്ടിട്ടില്ലാത്ത രീതികളായിരുന്നു സിബിഐ സംഘം പിന്തുടർന്നത്. ഡമ്മി പരീക്ഷണവും പോളിഗ്രഫ് ടെസ്റ്റുമൊക്കെ കേരളം അദ്ഭുതത്തോടെയായിരുന്നു നോക്കിക്കണ്ടത്. കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിൽ നിന്നു രണ്ടു ഡമ്മികളായിരുന്നു സിബിഐ വരുത്തിയത്. ഒരാൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടുമ്പോഴും മറ്റാരെങ്കിലും എടുത്തെറിയുമ്പോഴും ബോഡി എത്ര ദൂരം തെറിച്ചു പോകും എന്നറിയാനായിരുന്നു സിബിഐയുെട ശ്രമം. എന്നാൽ ഡിപ്പാർട്ട്മെന്റിനുള്ളിൽ തന്നെ ആ അന്വേഷണ രീതി എതിർക്കപ്പെട്ടു. അശാസ്ത്രീയമെന്നായിരുന്നു പലരുടേയും വാദം. എന്നാൽ സിബിഐ പിൻവാങ്ങിയില്ല. സംശയമുള്ളവരെ പൊളിഗ്രഫ് ടെസ്റ്റ് നടത്തി. 

ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ നാരായണന്റെ കൈകളിൽ വിലങ്ങു വീണു. നാരായണന്റെ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നിലെന്നു സിബിഐ കുറ്റപത്രം നൽകി. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അപ്പീലുമായി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചു. പ്രശസ്ത അഭിഭാഷകനായിരുന്ന രാംജത്ത് മലാനിയായിരുന്നു നാരായണനായി വാദിച്ചത്. ഇദ്ദേഹത്തിന്റെ മൂർച്ചയേറിയ വാദങ്ങൾക്കു മുന്നിൽ സിബിഐ പതറി. തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതികളെ ശിക്ഷിച്ചതെന്നു രാംജത്ത് മലാനി വാദിച്ചു. അങ്ങനെ തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി നാരായണനേയും മറ്റുള്ളവരേയും വെറുതെവിട്ടു. 

സിബിഐ ഡയറിക്കുറുപ്പിൽ സേതുരാമയ്യർ വിജയിച്ചെങ്കില‍ും സിനിമയ്ക്കു പുറത്തു സിബിഐയ്ക്കു തലതാഴ്ത്തേണ്ടി വന്നു. എന്തായാലും  കോളിളക്കം സൃഷ്ടിച്ച ഈ പോളക്കുളം കൊലക്കേസിൽ നിന്നായിരുന്നു തിരക്കഥാകൃത്ത് എസ്എൻ. സ്വാമി തന്റെ സിബിഐ ഡയറിയുടെ ആദ്യ പേജുകൾ മറിക്കുന്നത്. ഒടുവിൽ അഞ്ചാം ഭാഗത്തിലെത്തി നിൽക്കുന്നു. ആ ഡയറി ഇനിയും അടക്കില്ലെന്നു പ്രതീക്ഷിക്കാം. കാത്തിരിക്കാം ആറാം ഭാഗത്തിനായി