'പ്രേക്ഷകർ എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നു'; പരാജയത്തില്‍ പ്രഭാസ്

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു പ്രഭാസ് നായകനായ രാധേ ശ്യം. എന്നാല്‍ റെക്കോർഡ് പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. നൂറ് കോടിയുടെ നഷ്ടം രാധേ ശ്യമിനുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയവും വിഎഫ്എക്‌സും എഡിറ്റിങ്ങും ഛായാഗ്രഹണവുമടക്കം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോൾ ഇതിലെല്ലാം പ്രതികരിച്ച് രംഗത്ത് വന്നരിക്കുകയാണ് പ്രഭാസ്. തന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നാണ് താരം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

'കോവിഡ്, അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. ആളുകള്‍ എന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം' എന്നാണ് രാധേ ശ്യമിന്റെ പരാജയത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞിരിക്കുന്നത്.

ബാഹുബലിയിലൂടെ രാജമൗലി തന്റെ ഇമേജ് തന്നെ മാറ്റിമാറിച്ചു. പ്രേക്ഷകർ എല്ലായ്പ്പോഴും തന്നെ അത്തരം റോളുകളിൽ കാണാനാണ് ആഗ്രഹിക്കുന്നത് എന്നും പ്രഭാസ് അഭിമുഖത്തിൽ വ്യക്തമാക്കി. ബാഹുബലിക്ക് ലഭിച്ച സ്വീകാര്യത പുതിയ വേഷങ്ങൾ ഏറ്റെടുക്കുമ്പോൾ വെല്ലുവിളിയാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് താരം പ്രതികരിച്ചത്. സംവിധായകർക്കും നിർമ്മാതാക്കൾക്കും അതൊരു വെല്ലുവിളിയാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.

രാധേ ശ്യാമിൽ കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഇത് ചൂണ്ടിക്കാട്ടി ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് വിധിയിൽ വിശ്വാസമുണ്ട്, ഇതുവരെ താൻ ഒരു കൈനോട്ടക്കാരനേയും തന്റെ കൈ കാണിച്ചിട്ടില്ല. ഇവയെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നാൽ താനിതൊന്നും ജീവിതത്തിൽ പകർത്തിയിട്ടില്ലെന്നും താരം പറയുന്നു. 

പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് മാര്‍ച്ച് 11ന് പാന്‍ ഇന്ത്യ റിലീസായെത്തിയ രാധേ ശ്യം. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 214 കോടി മാത്രമാണ് വരുമാനമുണ്ടായത്. പൂജ ഹെഗ്‌ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.