ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച് കമന്റ്; വിമർശകന് മറുപടിയുമായി നാദിർഷ

ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് സംവിധായകൻ നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ച് യുവാവ് എത്തിയത്. ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകൾ കാണരുതെന്നുമായിരുന്നു വിമർശനം.

ഉണ്ണിയെ അടുത്തറിയാവുന്ന ഒരാളാണ് താനെന്നും ഒരു കലാകാരനും വർഗീയമായി ചിന്തിക്കാനികില്ലെന്നും നാദിർഷ മറുപടിയായി പറഞ്ഞു.

വിമർശന്റെ കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും.

ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍..

കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും  നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ്..

നാദിര്‍ഷയുടെ മറുപടി: ലോകത്തു ഒരു യഥാർഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം.

നാദിർഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നും ഇങ്ങനെയുള്ളവരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നും നാദിർഷയ്ക്കു പിന്തണയുമായി എത്തിയവർ പറഞ്ഞു. ഇതോടെ യുയാവ് കമന്റും ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.

അതേസമയം, മേപ്പടിയാന്‍ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള നാദിർഷയുടെ വാക്കുകൾ ഇങ്ങനെ: മേപ്പടിയാന്‍’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം.