ഇനി ‘തല’ എന്ന് വിളിക്കരുത്; സ്നേഹത്തോടെ അഭ്യര്‍ത്ഥിച്ച് അജിത്

ആരാധകർ തല എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അജിത്ത് കുമാറിനെ ഇനി 'തല' ചേര്‍ത്തു വിളിക്കരുതെന്ന് താരം. അജിത്തിന്‍റെ പബ്ലിസിസ്റ്റായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ആരാധകരും മാധ്യമങ്ങളും ഇനിമുതല്‍ 'തല' എന്ന് ചേര്‍ത്ത് വിളിക്കരുതെന്നും പകരും അജിത് എന്നോ അജിത് കുമാറെന്നോ എ.കെ എന്നോ വിളിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. സോഷ്യല്‍ മീഡിയയില്‍ താരം സജീവമല്ലാത്തതിനാല്‍  ചിത്രങ്ങളും സന്ദേശങ്ങളും മാനേജര്‍ വഴി പങ്കുവയ്ക്കാറുണ്ട്. എ ആർ മുരുഗദോസിന്റെ 'ധീന' എന്ന സിനിമയില്‍ 'തല' എന്ന നായക കഥാപാത്രത്തെ അഭിനയിച്ചതിന് പിന്നാലെയാണ് അജിത്തിന് 'തല' എന്ന വിശേഷണം ലഭിച്ചത്. 

ട്വീറ്റ് ഇങ്ങനെ:

"ബഹുമാനപ്പെട്ട മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആരാധകർക്കും. ഇനി മുതൽ തല എന്നോ മറ്റേതെങ്കിലും വിശേഷണങ്ങളോ എന്‍റെ പേരിനൊപ്പം ചേര്‍ത്ത് വിളിക്കരുത്, പകരം അജിത്, അജിത് കുമാർ അല്ലെങ്കിൽ എകെ എന്നോ വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, വിജയങ്ങളും, മനസ്സമാധാനവും, സംതൃപ്തിയും നിറഞ്ഞ മനോഹരമായ ജീവിതം ആശംസിക്കുന്നു.

സ്നേഹത്തോടെ,

അജിത്"

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ 'വാലിമൈ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് അജിത്ത്. ബോണി കപൂർ നിർമ്മിച്ച വലിമൈയിൽ ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.