റഷ്യയിൽ 500 കി.മീ ബൈക്കോടിച്ച് തല അജിത്; ലോക സഞ്ചാരം അടുത്ത ലക്ഷ്യം

എല്ലാം തികഞ്ഞൊരു വാഹനപ്രേമിയാണ് തല അജിത്. മെക്കാനിക്കായി തുടങ്ങി തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സൂപ്പർതാരമായി വളർന്ന അജിത് ഫോർമുല 2 കാറോട്ടത്തിലും മത്സരിച്ചിട്ടുണ്ട്. ബൈക്കുകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തിലെ റഷ്യൻ ബൈക്ക് ട്രിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വാലിമൈ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി റഷ്യയിൽ എത്തിയ താരം അവിടെ 5000ൽ അധികം കിലോമീറ്റർ ബൈക്കോടിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്ക് ആർ 1250ജിഎസ് അജിത് ഓടിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ താരമാണ്. അടുത്തത് ബൈക്കിലൊരു ലോക സഞ്ചാരമാണ് അജിത് ലക്ഷ്യമിടുന്നത് എന്നും താരത്തോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ 10800 കിലോമീറ്റർ അജിത് വാഹനമോടിച്ചത് അടുത്തിടെ വാർത്തയായിരുന്നു. റഷ്യയിലൂടെ ബൈക്കിൽ യാത്ര ചെയ്യാൻ ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പേ തന്നെ അജിത് അവിടെ എത്തി എന്നുമാണ് വാർത്തകൾ.