നായാട്ട് ഓസ്‌കര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റിൽ; അഭിമാനനേട്ടം

മലയാളത്തിന്റെ നായാട്ട് ഓസ്‌കര്‍ എന്‍ട്രിക്കുള്ള ഇന്ത്യ ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റിൽ ഇടംനേടി. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ചെയർമാനായ പതിനഞ്ചംഗ ജൂറിക്ക് മുന്നില്‍ നായാട്ട് ഉൾപ്പെടെ വിവിധ ഭാഷകളിലെ 14 ചിത്രങ്ങളാണ് എത്തിയിട്ടുള്ളത്. ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്. തമിഴില്‍നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മൽസരിക്കുന്നുണ്ട്.

ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുകയാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.