ചുറ്റും ക്യാമറകള്‍; ഹോളിവുഡ് സാങ്കേതികതയില്‍ ‘കത്തനാര്‍’ ഒരുങ്ങുന്നു

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന 'കത്തനാര്‍' പണിപ്പുരയില്‍. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതോടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ജയസൂര്യ. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണിത്. സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിച്ച് ലൈവ് ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്സുകളും ഒരേ സമയം സംയോജിപ്പിക്കുന്നതാണ് ഈ വിദ്യ.

അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിലെത്തിക്കാന്‍ അവസരമുണ്ടായതില്‍ കൃതാര്‍ത്ഥരാണെന്ന് ജയസൂര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാറെന്നും ഉറപ്പ് നല്‍കി. 

ഹോമിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. നീല്‍ ഡി കുഞ്ഞയാണ് ഡയരക്ടര്‍ ഓഫ് ഫൊട്ടോഗ്രഫി. പ്രീ പ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. രാമാനന്ദിന്‍റെ തിരക്കഥയില്‍ രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീതം ചെയ്യുന്നത്. സെന്തില്‍ നാഥനാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്.