ഒന്നരവർഷത്തെ ഇടവേള; കേരളത്തിൽ നിന്നുള്ള കലാകാരൻമാർ വീണ്ടും ദുബായില്‍; പ്രതീക്ഷ

കോവിഡ് മഹാമാരി കാരണമുള്ള ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നിന്നുള്ള കലാകാരൻമാർ വീണ്ടും ദുബായിലെത്തി. ദുബായ് സർക്കാർ അനുമതിയോടെ ഇ.സി.എച്ചിൻറെ നേതൃത്വത്തിൽ വെൽക്കം ബാക്ക് എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിച്ചു. വിനോദ് കോവൂർ, കൊല്ലം ഷാഫി തുടങ്ങിയവരുടെ സംഘമാണ് വീണ്ടും പ്രവാസലോകത്ത് കലാപരിപാടികൾക്ക് തുടക്കം കുറിക്കാനെത്തിയത്.

കേരളത്തിൽ നിന്നുള്ള കലാകാരൻമാർക്ക് പ്രവാസലോകം എന്നും പച്ചത്തുരുത്തായിരുന്നു. കോവിഡ് കാരണമുള്ള ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവാസലോകത്തേക്ക് കേരളത്തിൽ നിന്നും കലാകാരൻമാരെത്തുകയാണ്. ഒന്നരവർഷമായി താഴ്ന്നുകിടന്ന തിരശീല ഉയർത്തി, വെൽക്കം ബാക്ക് എന്ന പേരിൽ ദുബായിൽ കലാസന്ധ്യ അവതരിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾക്ക്  ദുബായ് സർക്കാർ അനുമതി നൽകിയതോടെയാണ് വീണ്ടും കലാവേദികൾ സജീവമാകുന്നത്.

വിനോദ് കോവൂർ, കൊല്ലം ഷാഫി, സുമി അരവിന്ദ്, ആബിദ് കണ്ണൂർ തുടങ്ങിയവരാാണ്  ദുബായിലെ സ്വകാര്യഹോട്ടലിൽ പൊതുജനങ്ങളുടെ മുന്നിൽ പരിപാടി അവതരിപ്പിക്കാനെത്തിയത്. പാട്ടും നൃത്തവും തമാശയുമൊക്കെ വീണ്ടും നിറഞ്ഞ സദസിന് മുന്നിലേക്ക്.

ദുബായിലെ ഗവൺമെൻറ് സേവന ദാതാക്കളായ ഇസിഎച്ചിൻറെ നേതൃത്വത്തിലാണ് പരിപാടിഒരുക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയായിരുന്നു വെൽക്കം ബാക്ക് അവതരിപ്പിച്ചത്. 

കെട്ടകാലം കഴിയുന്നുവെന്ന പ്രതീക്ഷ പങ്കുവച്ച് പ്രവാസലോകം കലാകാരൻമാരെ കാത്തിരിക്കുന്നുവെന്ന സന്ദേശത്തോടെ, സന്തോഷത്തോടെയായിരുന്നു മടക്കം.