ടിനിടോമിനെതിരെ സൈബർ ആക്രമണം; അസഭ്യവർഷം; ‘എനിക്ക് ഇങ്ങനെ ജീവിക്കാനേ പറ്റൂ’

നാദിർഷയുടെ പുതിയ ചിത്രമായ ഈശോ എന്ന സിനിയുടെ പേരിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. സിനിമയ്ക്കെതിരെയുള്ള പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. 

ഇതിനിടെ നാദിർഷയ്ക്കു പിന്തുണയുമായെത്തിയ നടൻ ടിനി ടോമിനെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. നാദിർഷയെ പിന്തുണച്ച് താരം ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. തന്റെ പേരിൽ അസഭ്യവർഷം നടത്തിയ ഒരു വ്യക്തിയ്ക്കു ടിനി ടോം രൂക്ഷ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു. 

എബ്രഹം ആരോണ്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. അസഭ്യ വാക്കുകള്‍ അടങ്ങിയ മീം ആണ് കമന്റ് ആയി വന്നത്. വ്യാജ അക്കൗണ്ടില്‍ നിന്നെത്തിയ ഈ കമന്റിന്റെയും നല്‍കിയ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് ആണ് താരം പങ്കുവച്ചത്. ‘ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്. ക്രിസ്തു ഇതാണോ പഠിപ്പിച്ചത്’.– ടിനി ടോം ചോദിക്കുന്നു.

‘മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഹിന്ദുവും മുസ്‌ലിമും എന്റെ സഹോദരങ്ങളുമാണ്. എനിക്ക് ഇങ്ങനെ ജീവിക്കാനെ പറ്റൂ... പ്രിയ വ്യാജ വ്യക്തി.’ –പോസ്റ്റിനൊപ്പം ടിനി ടോം കുറിച്ചു.