ടിനി ടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്; പണി കിട്ടും; വൈറല്‍ കുറിപ്പ്

ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ നിരവധി പേരുണ്ടാകും. അവരുടെ പ്രസ്താവനകളും അഭിപ്രായങ്ങളും ഉപദേശങ്ങളും വന്‍തോതില്‍ ചര്‍ച്ചയാകും. അതു ചിലപ്പോള്‍ നല്ലതാകാം, മോശമാകാം. ചിലപ്പോള്‍ വിവാദങ്ങളിലേക്കു വഴിമാറിയും പോകാം. 

എന്തായാലും ഇവിടെ ഒരു സിനിമാ നടന്റെ ഉപദേശം ശിരസ്സാവഹിച്ച വിദ്യാര്‍ഥിനിയാണ് താരമായിരിക്കുന്നത്. നടന്‍ ടിനി ടോമാണ് ആ ‘സൂപ്പര്‍ഹിറ്റ്’ ഉപദേശം കൊടുത്തത്. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു ടിനി ടോം. ബെസ്റ്റ് സ്റ്റുഡന്റ് സമ്മാനത്തിന് അര്‍ഹയായത് രേഷ്മ എന്ന കുട്ടി. അവാര്‍ഡ് കൊടുത്തപ്പോള്‍ ഒരു ഉപദേശവും കൂടി താരം കൊടുത്തു. വേറൊന്നുമല്ല, ഏതൊരു മുതിര്‍ന്ന വ്യക്തിയും കുട്ടികളോടു പറയുന്ന ഒരു വാചകം– നന്നായി പഠിക്കണം. ഉപദേശം ഇരുകയ്യും നീട്ടി സ്വീകരിച്ച രേഷ്മ പിന്നെ തിരിഞ്ഞു നോക്കിയില്ല. അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് ഇപ്പോള്‍ രേഷ്മ. 

കുട്ടിയുടെ പിതാവ് ജോളി ജോസഫ് വളരെ സരസമായി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?  എന്റെ പടങ്ങളിൽ അദ്ദേഹം  അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ  ടിനിടോമിനെ മുഖ്യാതിഥിയായി  പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് ... അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ....പിന്നെ പിള്ളാര്  പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച. 

കുറിപ്പിന്റെ പൂര്‍ണരൂപം: 

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് ...! കാക്കനാടിലുള്ള  ഭാവൻസ്  ആദർശ  വിദ്യാലയത്തിൽ  വിദ്യാർത്ഥിനിയായിരുന്ന  എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ  ടിനിടോം   ''  Best Student '' സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ ...!  അന്നവൾക്കു  അദ്ദേഹം  പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള്  ഇപ്പോൾ  അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് ...! ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?  എന്റെ പടങ്ങളിൽ അദ്ദേഹം  അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ  ടിനിടോമിനെ മുഖ്യാതിഥിയായി  പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് ... അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ....പിന്നെ പിള്ളാര്  പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച