വിക്രത്തിനായി ഫഹദും എത്തി; കമലിനൊപ്പമുള്ള സെൽഫി പങ്കിട്ട് താരം

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വിക്രത്തിന്റെ ഭാഗമായി ഫഹദും. കമൽഹാസനൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പങ്കിട്ടു. കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാനവേഷത്തിൽ. ചിത്രത്തിന്റെ പൂജ ചടങ്ങിന് കമൽഹാസനും സേതുപതിയും എത്തിയിരുന്നു.  ഒറ്റ ഷെഡ്യൂളിൽ തന്നെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. പൊളിറ്റിക്കല്‍ ആക്‌ഷന്‍ ത്രില്ലറായിരിക്കും വിക്രം എന്നാണ് സൂചന. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു. സംഗീതം അനിരുദ്ധ്.