‘18 കോടി നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്’; ഒമർ ലുലു

‘മീടൂ’ ആരോപണം അടക്കം ഉയർന്ന കവി വൈരമുത്തുവിന് ഒഎൻവി സാഹിത്യപുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. നടി പാർവതി അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ പങ്കുവച്ച് മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ? എന്നാണ് പാർവതി അടൂരിനോട് ചോദിച്ചത്. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വലിയ പിന്തുണയാണ് പാര്‍വതിയുടെ വിമര്‍ശനത്തിന് ലഭിച്ചത്. 

ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ‘പ്രിയപ്പെട്ട പാർവതി മാഡം, നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്. 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാർവതി പറഞ്ഞ പോലെ ‘അല്പം മനുഷ്യതം ആവാല്ലോ’. അദ്ദേഹം കുറിച്ചു.

ഇതിനെതിരെയും കമന്റുകളുമായി എത്തിയവരോട് ഒമർ ലുലുവിന്റെ മറുപടി ഇങ്ങനെ. ‘ഇനി ഞാന്‍ സംവിധാനം ചെയ്‌ത്‌ പരാജയപ്പെട്ട സിനിക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്.ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ട് ഉള്ളു.’