പലവട്ടം മീനയോട് പറഞ്ഞു; മേക്കപ്പ് കുറയ്ക്കാന്‍; പക്ഷേ..; തുറന്നുപറഞ്ഞ് ജീത്തു

ദൃശ്യം 2 സിനിമ റിലീസായി ദിവസങ്ങൾ പിന്നിട്ടിട്ടും പല തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഡയറക്ടറിന്റെ ബ്രില്യൻസുകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ചില വിമർശനങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത്തരത്തിലൊന്നാണ് ജോർജ്കുട്ടിയുടെ ഭാര്യ റാണിയായി എത്തിയ മീനയുടെ മേക്കപ്പ്. നാട്ടിൻപുറത്തുകാരിയായ മലയാളി വീട്ടമ്മ, അതും മാനസികമായി പല സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീ ഇത്രമാത്രം മേക്കപ്പ് ഇടുമോ എന്നാണ് ഉയരുന്ന ചോദ്യം. ഈ വിമർശനത്തെ പൂർണമായി അംഗീകരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. 

ജീത്തുവിന്റെ വാക്കുകൾ: ആ പറഞ്ഞതിൽ കാര്യമുണ്ട്. ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരുപക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങൾ പൂർണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോ‍ൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്‌ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ ഞാൻ ശ്രദ്ധിക്കും. പക്ഷേ അത് അവർക്ക് മനസ്സിലാകുന്നില്ല.

തുടക്കത്തില്‍ത്തന്നെ ഞാൻ പറഞ്ഞിരുന്നു, ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമർശനമുണ്ട്, അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസ്സിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. അവർക്കത് പെട്ടെന്നു മനസ്സിലായി. ഒരു പക്ഷേ മീനയ്ക്കത് മനസ്സിലാകാത്തതു കൊണ്ടായിരിക്കും. അത് മീന മനസ്സിലാക്കണം. എന്‍റെ സിനിമയില്‍ വരുന്ന ആര്‍ട്ടിസ്റ്റ് കംഫര്‍ട്ടബിൾ ആയിരിക്കണം. ഒരു ഡയറക്ടര്‍ എന്ന നിലയിൽ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടു കൊടുക്കും. വിഡിയോ അഭിമുഖം കാണാം.