ടാറിട്ടത് എൽഡിഎഫെന്ന് എംഎൽഎ; ജോർജൂട്ടിയെ പിടിക്കാത്ത ആഭ്യന്തരം തോൽവി; മറുപടി

ദൃശ്യം രണ്ടാംഭാഗം വലിയ അഭിപ്രായമാണ് സൈബർ ഇടത്തിൽ നേടിയെടുക്കുന്നത്. ഇതിനൊപ്പം രസകരമായ ഒരു കുറിപ്പ് പങ്കിട്ട് കയ്യടി നേടാൻ ശ്രമിച്ച എംഎൽഎയ്ക്ക് കമന്റിട്ട് മറുപടി െകാടുക്കുകയാണ് സൈബർ പോരാളികൾ. സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഒറ്റപ്പാലം എംഎൽഎ പി. ഉണ്ണിയുടെ പോസ്റ്റ്. ‘മോഹൻലാലിന്റെ പുതിയ സിനിമയായ ദൃശ്യം 2വിലെ ഒരു രംഗം. ആ റോഡ് എങ്ങോട്ട് പോവുന്നതാ ? അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ, ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു.’ ഇതാണ് സിനിമയുടെ മറവ് പിടിച്ച് സർക്കാരിനെ വാഴ്ത്തി എംഎൽഎ പോസ്റ്റിട്ടത്.

അങ്ങനെയെങ്കിൽ ഇത്രവർഷങ്ങൾക്കിടെ കൊലക്കേസ് പ്രതിയെ പിടിക്കാൻ പറ്റാത്ത കഴിവ് കെട്ട ആഭ്യന്തരവകുപ്പിനെ എന്തു പറയണം എന്നായി ഒരു വിഭാഗം കമന്റുകൾ.‘ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമാണ്’ അവർ കുറിക്കുന്നു.  ഇതോടെ ട്രോളൻമാരും വിഷയം ഏറ്റെടുത്തു. ഏതായാലും വൈറൽ ആകാൻ എംഎൽഎ കണ്ടെത്തിയ മാർഗം വിജയിച്ചു എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.