ഇനി സിനിമ നിങ്ങളെ തേടി വരും; വേറിട്ട വിളിയുമായി 'കാസ്റ്റിങ് കോൾ'

സിനിമയിൽ ഒരവസരത്തിനായി സ്വപ്നം കണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.   ആദ്യത്തെ അവസരം നിഷേധിക്കപ്പെട്ടവർ ചിലപ്പോൾ ഗതിമാറിയൊന്ന്  ഓടിത്തുടങ്ങും. ചിലരാകട്ടെ  അവസാന ശ്രമവും പരാജയപ്പെട്ടെന്ന് കരുതി ജീവിതം തന്നേ അവസാനിപ്പിച്ചെന്നും വരും. അങ്ങനെ അവസരമില്ലെന്ന് കേട്ട് തളർന്നവരോട്, സിനിമയെ ഇനി നിങ്ങൾ തേടേണ്ട, സിനിമയിനി നിങ്ങളെ തേടിവരും എന്നാണ്  സംവിധായകൻ എംസി ജോസഫിനും  കൂട്ടർക്കും പറയാനുള്ളത്. സിനിമയിൽ  അവസരം നിഷേധിക്കപ്പെട്ടവരെ  തന്റെ പുതിയ ചിത്രത്തിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ എംസി ജോസഫ്.

തിരഞ്ഞെടുപ്പ് പോലെ തന്നേ തിരഞ്ഞെടുപ്പ്  വിളിയിലും പുതുമ കൊണ്ടുവരാൻ ജോസഫ് മറന്നില്ല. ജീവിതാനുഭവങ്ങൾ  വരികളായി, റാപ്പായി. അങ്ങനെ അത്  മലയാള സിനിമയിലെ  ആദ്യ റാപ്പ് കാസ്റ്റിംഗ് കോളുമായി. റാപ്പിന്റെ സംവിധാനം എംസി ജോസഫ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. യദുവും നിതിനും  ചേർന്നാണ് റാപ്പ് പാടിയിരിക്കുന്നത്.  'എന്നിട്ട് അവസാനം' എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള അഭിനേതാക്കളെയാണ് ജോസഫ് വേറിട്ട കാസ്റ്റിംഗ് കോളിലൂടെ  തേടുന്നത്.

വികൃതി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്നിട്ട്  അവസാനം'.  അന്നബെന്‍, മധുബാല, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന എന്നിട്ട് അവസാനത്തിന്റെ   ചിത്രീകരണം ഉടൻ  ആരംഭിക്കും. നൂറു വട്ടം നൂറു കാരണങ്ങളാൽ അവസരം നിഷേധിക്കപ്പെട്ടാലും ആത്മാർത്ഥമായി ശ്രമിക്കുന്നവന് സിനിമയെന്നത് വിദൂര സ്വപ്നമല്ലെന്നാണ് ജോസഫും കൂട്ടരും പറയുന്നത്.