ചലച്ചിത്രമേളയില്‍ 14 സിനിമകള്‍ മല്‍സരവിഭാഗത്തില്‍; രണ്ട് മലയാള ചിത്രങ്ങള്‍

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ പതിനാലു സിനിമകള്‍ മല്‍സരവിഭാഗത്തില്‍. ലിജോ ജേസ് പെല്ലിശ്ശേരിയുടെ ചുരുളി , ജയരാജിന്റെ ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങള്‍. ഹിലാല്‍ ബൈദരോവിന്റെ ഇന്‍ ബിറ്റ്്വീന്‍ ഡൈയിങ് ഉള്‍പ്പടെ പത്തുവിദേശ ചിത്രങ്ങളും മാറ്റുരയ്ക്കും.

എസ്. ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ചുരുളി ഐ.എഫ്.എഫ്.കെയുടെ മല്‍സരവിഭാഗത്തിലെ സാന്നിധ്യങ്ങളിലൊന്നാണ്. ലിജോതന്നെയാണ് ചിത്രം നിര്‍മിച്ചതും

ജയരാജിന്റെ നവരസ പരമ്പരയില്‍പ്പെട്ട ഹാസ്യമാണ് മറ്റൊരുമലയാള സാന്നിധ്യം.പ്രമുഖ അസര്‍ബൈജാന്‍ സംവിധായകന്‍ ഹിലാല്‍ ബൈദരോവിന്റെ ഇന്‍ ബിറ്റ്്വീന്‍ ഡൈയിങ്, ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റാസോല്‍ഫിന്റെ ദേര്‍ ഈ നോ ഈവിള്‍ ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍  ലേമോഗ് ജെര്‍മിയാ മോസസിന്റെ ദിസ് ഈസ് നോട് ബറിയല്‍, ഇറ്റ്സ് എ റസറഷന്‍ എന്നിവ ഉള്‍പ്പടെ പത്തുവിദേശ ചിത്രങ്ങള്‍. എട്ടുചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്.

മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത മധ്യപ്രദേശില്‍ നിന്നുള്ള കോസ, അക്ഷയ് സഞ്ജയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം സ്ഥല്‍ പുരാണ്‍ എന്നിവ ഉള്‍പ്പടെ പതിനാലുചിത്രങ്ങള്‍ മല്‍സരവിഭാഗത്തില്‍ മാറ്റുരയ്ക്കും. വി.കെ. പ്രകാശ് ചെയര്‍മാനും നമ്രത ജോഷി, സി.എസ്. വെങ്കിടേശ്വരന്‍, രാജീവ് വിജയരാഘവന്‍, വിപിന്‍ വിജയ് എന്നിവര്‍ അംഗങ്ങളുമായ  സമിതിയാണ് മല്‍സരവിഭാഗ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. അടുത്തമാസം പത്തിന് തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ തുടങ്ങും. തുടര്‍ന്ന് മറ്റുമൂന്നുമേഖലകളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും