‘മാസ്റ്ററി’ലുണ്ട് മലർ മിസിന്റെയും ജോര്‍ജിന്റെയും ‘പ്രേമം’; ജെഡി കഥ പറയുമ്പോൾ

ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ ജനം എത്തുമ്പോൾ ഒരു ആഘോഷം വേണം, ആളുകൂടണം. അതിന് ഏറ്റവും അനുയോജ്യൻ വിജയ് തന്നെയാണെന്ന് മാസ്റ്ററും തെളിയിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ തിയറ്റർ തുറക്കുമ്പോൾ ആദ്യമെത്തിയത് ഒരു മലയാള സിനിമ അല്ലല്ലോ എന്ന സങ്കടം ഒട്ടും വേണ്ട. മലയാളിയോട് െതാട്ടുനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഒളിപ്പിച്ചാണ് സിനിമ എത്തുന്നത്. 

വിജയ് അവതരിപ്പിക്കുന്ന ജെഡി എന്ന പ്രഫസർ പറയുന്ന ജീവിതക്കഥകൾക്ക് മലയാള സിനിമയുമായി ബന്ധമുണ്ട്. തിയറ്ററിൽ ചിരി ഉണർത്തിയ രംഗമായിരുന്നു അതെല്ലാം. മലയാളത്തിലെ സൂപ്പർഹിറ്റായ ആ ‘പ്രേമം’ സിനിമയുടെ കഥ വരെ വിജയ് കഥാപാത്രം പറയുന്നുണ്ട്. കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ജെഡിക്ക് ഒരു ടീച്ചറോട് പെരുത്ത പ്രേമമായിരുന്നു. ‘അവളുടെ കണ്ണുകൾ കണ്ടാൽമതി, അപ്പോൾത്തോന്നും പ്രണയം’ എന്നായിരുന്നു അതിനെപ്പറ്റി ജെ‍ഡി പറഞ്ഞത്. ആ പ്രണയം ശക്തമായി മുന്നോട്ടു പോകുന്നതിനിടെയായിരുന്നു അധ്യാപികയ്ക്ക് ഒരു അപകടം പറ്റിയത്. അതിൽ അവരുടെ ഓര്‍മശക്തിയും നഷ്ടപ്പെട്ടു. അതുവരെയുണ്ടായിരുന്ന പ്രണയമെല്ലാം അവർ മറന്നു. ജെഡിയെ മറന്നു. ഒരു ബന്ധുവിനെ വിവാഹം കഴിക്കാൻ തയാറാണെന്നു പറയുകയും ചെയ്തു.’

മലർ മിസിനെ പ്രണയിച്ച ജോർജിന്റെ കഥയിലൂടെ മാത്രമല്ല, മാസ്റ്ററിന്റെ സംവിധായകൻ ലോഗേഷുമായി പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനു മറ്റൊരു ബന്ധവുമുണ്ട്. 2016ൽ തമിഴിലിറങ്ങിയ ആന്തോളജി ചിത്രമായ ‘അവിയലി’ലൂടെയാണ് അൽഫോൻസിന്റെ ആദ്യ സിനിമ തിയറ്ററുകളിലെത്തുന്നത്. അന്ന് ഹ്രസ്വചിത്രമായി ചെയ്ത ‘എലി’ എന്ന ചിത്രമാണ് പിന്നീട് ‘നേരം’ എന്ന പേരിൽ മുഴുനീള ചിത്രമായെത്തിയത്. ‘അവിയലി’ൽ കാലം എന്ന ചിത്രമാണ് ലോഗേഷ് സംവിധാനം ചെയ്തത്. ‘പ്രേമ’ത്തിലൂടെ അൽഫോൻസിന് വമ്പൻ ബ്രേക്ക് ലഭിച്ചെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങാൻ ലോഗേഷിന് 2019ൽ ‘കൈതി’ വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ രണ്ട് സിനിമാസുഹൃത്തുക്കൾ നേരിട്ടല്ലെങ്കിലും ‘മാസ്റ്ററി’ലൂടെയും ഒന്നായിരിക്കുന്നു.